
പ്രതീകാത്മക ചിത്രം | മാതൃഭൂമി
കണ്ണൂര്‍: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി. ചന്ദ്രാംഗദന്‍. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ഭൂമിയില്‍ കടന്നുകയറി കോര്‍പറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ചന്ദ്രാംഗദന്‍ വ്യക്തമാക്കി.
മാടായിപ്പാറ തുരന്ന് ടണല്‍ നിര്‍മിച്ചാണ് റെയില്‍ സ്ഥാപിക്കുന്നത് എന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. മാടായിപ്പാറയുടെ ഇരട്ടിയെങ്കിലും ഉയരത്തിലുള്ള പ്രദേശത്ത് മാത്രമേ ടണല്‍ സാധ്യമാവൂ. ഇവിടെ ആഴത്തിലുള്ള കട്ടിങ്ങിനാണ് സാദ്ധ്യത. മാടായിപ്പാറക്ക് അത് വലിയ തോതിൽ ദോഷം ചെയ്യുമെന്നതിനാല്‍ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ടണലാണെന്ന് പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 18ന് പുറത്തുവന്ന സര്‍ക്കാര്‍ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും പ്രാഥമിക അനുമതിക്ക് ശേഷമേ ധനസമാഹരണം നടത്തുകയുള്ളുവെന്നും അന്തിമാനുമതി ലഭിക്കുന്ന മുറക്ക് മാത്രമെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുകയുള്ളു എന്നും പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു ഉത്തരവ് ഇറക്കിക്കൊണ്ട് ഭൂമി ഏറ്റെടുക്കാന്‍ ഏകപക്ഷീയമായ അനുമതി നല്‍കുകയായിരുന്നു. കേന്ദ്ര നിലപാട് പദ്ധതിക്ക് എതിരാകും എന്ന് മുന്നില്‍കണ്ടാണ് ഈ ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് കോര്പറേഷന് ഉദ്യോഗസ്ഥന്മാരെ കല്ല് സ്ഥാപിക്കാന്‍ അധികാരപ്പെടുത്തുകയും ചെയ്തു. ഈ നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് തടയുന്നതിന്ന് ശക്തമായ സമരം ആരംഭിക്കുമെന്നും ചന്ദ്രാംഗദന്‍ കൂട്ടിച്ചേര്‍ത്തു.
വന്‍ പോലീസ് സന്നാഹത്തോടെ കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥര്ക്കെതിരേ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കെ-റെയില്‍ വിരുദ്ധ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് വന്‍ പ്രതിഷേധമുയര്‍ത്തിയത്.
Content Highlights: madayipara alignment of k rail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..