അപമാനം താങ്ങി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമോ? സംഘപരിവാറിനെ ചോദ്യംചെയ്യുന്നവർക്കൊപ്പം വരുമോ?- എം.എ ബേബി


ശശി തരൂർ, എംഎ ബേബി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്തുശതമാനം നേടിയ ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം നേതാവ് എംഎ ബേബി. കോണ്‍ഗ്രസിനെ നയിക്കാന്‍ തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ കോണ്‍ഗ്രസില്‍ വലിയ പിന്തുണയുള്ള ആളായതുകൊണ്ടോ അല്ല ഖാര്‍ഗെ ജയിച്ചത്. ആരെ നിര്‍ത്തിയാലും തങ്ങള്‍ പറയുന്നവരെ കോണ്‍ഗ്രസുകാര്‍ ജയിപ്പിക്കുമെന്ന് സോണിയ കുടുംബം കോണ്‍ഗ്രസുകാര്‍ക്ക് തന്നെ കാണിച്ചുകൊടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും ബേബി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങളൊന്നും. സോണിയ-രാഹുല്‍-പ്രിയങ്കമാരുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഖാര്‍ഗെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊര്‍ജസ്വലനായ രാഷ്ട്രീയപ്രവര്‍ത്തകനോ എന്നതൊന്നും കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അര്‍ത്ഥമുള്ള കാര്യങ്ങളല്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. തിരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാര്‍ട്ടിയില്‍ തുടര്‍ന്ന ചരിത്രമില്ല. തോല്‍വിയേറ്റുവാങ്ങിയ തരൂര്‍ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരുമോയെന്നും ബേബി ചോദിച്ചു.രാഹുല്‍ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല തരൂരെന്നത് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചുവയ്ക്കാറില്ല. എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ രംഗത്തുവന്നു. സോണിയ കുടുംബത്തോട് പൂര്‍ണ വിധേയത്വമില്ലാത്ത ആര്‍ക്കും കോണ്‍ഗ്രസില്‍ അധികനാള്‍ തുടരാനാവില്ല എന്നത് ചരിത്രമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും വളരെ വിമര്‍ശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂര്‍. സംഘപരിവാറിന്റെ അര്‍ദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യംചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോയെന്നും ബേബി ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശശി തരൂര്‍ ഇനി എന്തു ചെയ്യും?
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എന്റെ അഭിനന്ദനങ്ങള്‍.
ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് കോണ്‍ഗ്രസിലെ എല്ലാവരും ആവര്‍ത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍ എന്നത് വ്യക്തമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയ - രാഹുല്‍ - പ്രിയങ്കമാരുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നത് സുവ്യക്തമായിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോണ്‍ഗ്രസില്‍ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാര്‍ഗെ ജയിച്ചതെന്നും എല്ലാവര്‍ക്കും അറിയാം. ആരെ നിറുത്തിയാലും തങ്ങള്‍ പറയുന്നവരെ കോണ്‍ഗ്രസുകാര്‍ ജയിപ്പിക്കും എന്ന് സോണിയ കുടുംബം കോണ്‍ഗ്രസുകാര്‍ക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊര്‍ജസ്വലനായ രാഷ്ട്രീയപ്രവര്‍ത്തകനോ എന്നതൊന്നും കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അര്‍ത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാര്‍ട്ടിയില്‍ തുടര്‍ന്ന ചരിത്രം ഇല്ല. 1950 ലെ തെരഞ്ഞെടുപ്പില്‍ നെഹ്രുവിന്റെ സ്ഥാനാര്‍ത്ഥി ആയിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വ പക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോണ്‍ഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ ബിജെപിയില്‍ ചേര്‍ന്നു.
രാഹുല്‍ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചു വയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തു തന്നെ എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂര്‍ണ വിധേയത്വമില്ലാത്ത ആര്‍ക്കും കോണ്‍ഗ്രസില്‍ അധികനാള്‍ തുടരാനാവില്ല എന്നത് ചരിത്രമാണ്.
ശശി തരൂര്‍ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരാനാണെങ്കില്‍ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീര്‍ക്കാന്‍ മാത്രമാണോ ഉദ്ദേശം.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും വളരെ വിമര്‍ശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂര്‍. തന്റെ സ്വാഭാവികമായ, കൂടുതല്‍ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ? സംഘപരിവാറിന്റെ അര്‍ദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ?

Content Highlights: ma baby facebook post in congress president poll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented