എം.എം ബേബി | Photo: www.facebook.com|m.a.babyofficial
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാന്‍ ശ്രമിക്കും. ജനാധിപത്യം , വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും എം.എ ബേബി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ ബേബിയുടെ വിമര്‍ശനം.
എം.എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ ഡെല്‍ഹിയിലെ 'സെന്‍ട്രല്‍ വിസ്റ്റ' അവന്യു പുനര്‍നിര്‍മാണ പദ്ധതി നിറുത്തി വയ്ക്കണമന്നപേക്ഷിക്കുന്ന പൊതുതാല്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞു.
ഹര്‍ജി നല്കിയ എഴുത്തുകാരിയുംവിവര്ത്തകയുമായ അന്യ മല്‍ഹോത്ര, ചരിത്രകാരനായ സൊഹൈല്‍ ഹഷ്മി (സഫ്ദര്‍ ഹഷ്മിയുടെ സഹോദരന്) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. അങ്ങേയറ്റം നിരാശാജനകമായ ഒരു കോടതിവിധിയാണിത്. ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയില്‍ എത്തുന്നതില്‍ നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്. പൊതുതാല്പര്യവ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.
ഇന്ത്യയുടെ പാര്‍ലമെന്റും നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ മറ്റു മന്ത്രാലയങ്ങള്‍ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനര്‍നിര്‍മിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓര്‍മകള്‍ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിന്റെ പാരമ്പര്യം മുഴുവന്‍ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവര്‍ത്തിച്ച് വാദിക്കുന്നു. പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികള്‍ ആ ശബ്ദങ്ങളെ തൃണവല്‍ഗണിക്കുകയാണ്. സൌകര്യപ്രദമായ പാര്‍ലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഓഫീസ് താമസ, സൌകര്യങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്. ഹെറിറ്റേജ് മേഖലയായ ഡെല്‍ഹി ബോട്ട് ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന ഈ ധൂര്‍ത്ത് നഗരങ്ങളിലെ പുതിയ നിര്‍മ്മിതികള്‍ക്കുമുമ്പ് നടത്തേണ്ട പലതല ചര്‍ച്ചകള്‍ സംബന്ധിച്ച അന്തര്‍ദ്ദേശീയ - ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്നമായി ലംഘിക്കുകകൂടിയാണ്. പ്രതീകാത്മകമായാണെങ്കിലും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്നവിധമാണ് ഈ നിര്‍മ്മിതി. ദല്‍ഹിയില്‍ വേറെ പത്തിലധികം നിര്‍മ്മാണങ്ങള്‍ നടക്കുന്നതില്‍ പരാതിക്കാര്‍ എന്തുകൊണ്ട് എതിര്‍പ്പുപ്രകടിപ്പിക്കുന്നില്ല എന്നൊരുചോദ്യം കോടതിചോദിച്ചതായി പത്രങ്ങളില്‍ വായിച്ചു. എന്നാല്‍ കോടതിയുടേത് യുക്തിരഹിതമായ ചോദ്യം ആണെന്നു പറയാതെവയ്യ.
ഇപ്പോള്‍ ദല്‍ഹിയില്‍ നല്ല വാസ്തുശില്പഭംഗിയോടെ തലയുയര്ത്തിനില്ക്കുന്ന ,വിവിധ ആവശ്യങ്ങള്‍ക്ക്പ്രയോജനപ്രദമായ ചരിത്രനിര്‍മ്മിതികള്‍ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് വിവേകികളായ പൗരര്‍ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്. പ്രാഥമിക വകയിരുത്തല്‍തന്നെ 20,000 കോടിയാണ്. അതിനിയും തരാതരംപോലെ വര്‍ധിക്കാനുമാണ് സാദ്ധ്യത. ദല്‍ഹിയിലെമറ്റേതെങ്കിലും നിര്‍മ്മാണത്തെപ്പറ്റി ഇതുപോലെ വ്യാപകവും യുക്തിഭദ്രവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമില്ല. അതല്ല മറിച്ചാണെങ്കില്‍ കോടതി അത്തരം നിര്‍മ്മിതികളേയും കേസിന്റെപരിധിയില്‍കൊണ്ടുവന്നാല്‍മതിയല്ലോ.
ബെര്‍ലിന്റെ ഭരണകേന്ദ്രം ആക്സിയല്‍ വിസ്റ്റ, ജെര്‍മാനിയ എന്ന പേരില്‍ ലോകതലസ്ഥാനത്തിനുതകുന്ന വിധം പുനര്‍നിര്‍മിക്കുക എന്നത് ഫാസിസ്റ്റ് ഹിറ്റ്ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനി ജയിച്ചശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്ലര്‍ കണ്ടത്. ഈ വിസ്റ്റയുടെ നിര്‍മാണത്തിനായി കുറേ കെട്ടിടങ്ങള്‍ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തില്‍ ജര്‍മനി സഖ്യസേനയോട്, വിശേഷിച്ച് ബോള്‍ഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജര്‍മന്‍കാര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആല്‍ബര്‍ട്ട് സ്പിയറുമായി ജര്‍മാനിയയുടെ പ്ലാന്‍ നോക്കി ചര്‍ച്ചകള്‍ നടത്തുകയായിരുന്നത്രെ ഹിറ്റ്ലര്‍. തൊഴില്‍ കൊണ്ടു വാസ്തുശില്പി ആയ ആല്‍ബര്‍ട്ട് സ്പിയര്‍ ഹിറ്റ്ലറുടെ ആയുധ ഉല്പാദന വകുപ്പ് മന്ത്രി ആയിരുന്നു.
ദില്ലിയില്‍ കോവിഡ് പിടിച്ച മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ തന്റെ പുതിയ പാര്‍ലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്സിന് ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോള് ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണ്.
ലണ്ടനില്‍ പോയി ബ്രിട്ടീഷ് പാര്‍ലമെന്റ് കണ്ടിട്ടുള്ളവര്‍ക്കറിയാം എത്രപരിമിതികള്‍ ഉള്ളതാണ് അതെന്ന്. എംപിമാരെല്ലാം വന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമ്മേളനഹാളില്‍ ഒരുമിച്ച് ഇരിക്കാന്‍ പോയിട്ട് നില്ക്കാന് പോലും സ്ഥലമുണ്ടാകില്ല. വോട്ടെടുപ്പിനുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഉണ്ടാക്കണമെന്ന അസൌകര്യമുണ്ട്. നമ്മുടെ നിയമസഭയ്ക്കുള്ളത്ര പോലും ആധുനികസൌകര്യങ്ങള് ബ്രിട്ടനിലെ പാര്‍ലമെന്റില്‍ ഇല്ല. പക്ഷേ, ബ്രിട്ടനിലെ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മിപ്പിക്കാനാണവര്‍ ആ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് മാറാത്തത്. ഒരു പുതിയ കെട്ടിടം പണിയാന്‍ മുട്ടുള്ള ദരിദ്രനാരായണന്മാരുടെ രാജ്യവുമല്ല യുണൈറ്റഡ് കിങ്ഡം.ജനാധിപത്യ പാരമ്പര്യത്തെ പരിമിതമായിട്ടാണെങ്കിലും സംരക്ഷിക്കുന്നതില്‍ ആ രാജ്യത്തിനുള്ള താല്പര്യമാണത് കാണിക്കുന്നത്.
ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാന്‍ ശ്രമിക്കും. ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും.
നാഷണല്‍ ആര്‍ക്കൈവ്സ്, നാഷണല്‍ മ്യൂസിയം, ഇന്ദിര ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തില്‍ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്ലറുടെ ജര്‍മാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ദില്ലിയില്‍ നിര്‍മിക്കപ്പെടുന്നത്.
Content Highlight: MA Baby facebook post against Central Vista
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..