Photo: Mathrubhumi
കോഴിക്കോട്: 'നീതിന്യായ തീവ്രവാദികള്‍' എന്ന പുതിയ പദപ്രയോഗം വൈകാതെ ഉണ്ടായേക്കാമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആര്‍.എസ്.എസിന്റെ ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്കുവേണ്ടി തീസ്ത സെതല്‍വാദും ആര്‍.ബി. ശ്രീകുമാറും കോടതിവരാന്തകള്‍ കയറിയിറങ്ങുമ്പോള്‍ അവര്‍ ഭീകരരാണെന്നാണ് മൂന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പറയുന്നത്. നീതിന്യായ സംവിധാനത്തെയും ആര്‍.എസ്.എസ്. ദുരുപയോഗം ചെയ്യുകയാണെന്നും ബേബി പറഞ്ഞു.
'ആര്‍.എസ്.എസിന്റെ കേരള അജന്‍ഡയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ കേളുവേട്ടൻ പഠനകേന്ദ്രം സംഘടിപ്പിച്ച സംവാദം കെ.പി. കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എ. ബേബിയുടെ വാക്കുകള്‍
കൊലപാതകങ്ങളിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇന്നും ഇന്ത്യയില്‍ അവശേഷിക്കുന്ന നീതിന്യായ സംവിധാനം ഒരുപാട് പരിക്കുകളോടുകൂടി രക്തമൊലിപ്പിച്ചാണ് നിലനില്‍ക്കുന്നത്. എന്തു ബാക്കിയുണ്ടാവും, എത്രകാലമുണ്ടാവും എന്നൊന്നും പറഞ്ഞുകൂടാ. ആ നീതിന്യായ സംവിധാനത്തിലൂടെ ഇരകളുടെ നഷ്ടബോധത്തിന് പരിഹാരമുണ്ടാക്കാന്‍വേണ്ടി അത്യന്തം അസാധാരണമായ പ്രതിബദ്ധതയോടും സമര്‍പ്പണത്തോടും ത്യാഗസന്നദ്ധതയോടും സാഹസികതയോടും കൂടി ടീസ്ത സെതല്‍വാദും ആര്‍.ബി. ശ്രീകുമാറും എല്ലാം കോടതി വരാന്തകള്‍ കയറിയിറങ്ങി നടക്കുമ്പോള്‍ സുപ്രീം കോടതിയിലെ മൂന്നു ജഡ്ജിമാര്‍ പറയുകയാണ് അവരെ പിടിക്കൂ, ഭീകരവാദികളാണ് അവര്‍.
ഇനി പുതിയ ഒരു ടേം ഒരുപക്ഷേ ഉണ്ടാവും. ലീഗല്‍ ടെററിസ്റ്റ്. നീതിന്യായ തീവ്രവാദികള്‍. നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ അദൃശ്യമായി ആര്‍എസ്എസ്സിനെ എതിര്‍ക്കണം. ഗാന്ധിജിയുടെ ചോര പുരണ്ട കരങ്ങളുമായി നില്‍ക്കുന്ന ഈ സംഘടന എതിരാളികളെ ഓരോ വിധത്തില്‍ കീഴ്‌പ്പെടുത്തുന്നു. ഭരണകൂട സംവിധാനത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. സുപ്രീം കോടതിയെ വിമര്‍ശിക്കുകതന്നെയാണ്. എന്നാല്‍ ഭവിഷ്യത്ത് മനസ്സിലാക്കിക്കൊണ്ടാണ്. ഇവരെയെല്ലാം പിടിച്ച് ജയിലിലിടൂ എന്ന് പറയുന്ന മൂന്നംഗ ബഞ്ചിന് ഒരു വിധിയെഴുതാമെങ്കില്‍ എനിക്കെതിരേയും നടപടിയുണ്ടാകാം.
ഒരാള്‍ക്ക് പൗരത്വം നല്‍കാന്‍ മതം ഒരു മാനദണ്ഡമായിക്കൂടാ എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ, ഉദാത്തമായ ആശയം. ആ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം, സിറ്റിസൺഷിപ് അമന്‍ഡ്‌മെന്റ് ആക്ടിലൂടെ. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇത് ഭരണഘടനാപരമാണോ എന്ന ചോദ്യം സൂപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ട് എത്ര നാളായി? ഈ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എന്താ പണി? അത് ചോദിക്കാന്‍ എനിക്ക് അവകാശമുണ്ടോ? എനിക്ക് മാത്രമല്ല നിങ്ങള്‍ക്കും അവകാശമുണ്ട്. ഇവര്‍ക്ക് കൊടുക്കുന്ന ശമ്പളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്റേയും നിങ്ങളുടേയും നികുതിയില്‍ നിന്നാണ്.
ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും പാര്‍ലമെന്റ് പാസാക്കിയാല്‍ അത് എടുത്ത് തോട്ടില്‍കളയാനുള്ള ജോലി സുപ്രീം കോടതിക്കാണ്. ആ ജോലി ചെയ്യുന്നില്ല. ശമ്പളം വാങ്ങി നടക്കുകയാണ്. പക്ഷേ, ആ സുപ്രീം കോടതിയിലെ തന്നെ ജസ്റ്റിസ് രമണ കഴിഞ്ഞ ദിവസം പറഞ്ഞു, അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്ന്. ഇവര്‍ പറയുന്നത് ആത്മാര്‍ഥമായിട്ടാണോ? ഇവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നു എന്നുള്ള വിമര്‍ശനം രാജ്യത്ത് നിന്ന് ഉയരുമ്പോള്‍ ആ വിമര്‍ശം ഉയര്‍ത്തുന്ന ഒരു പ്രഭാഷകനെ കൊണ്ടുതന്നെ ദാ നല്ലൊരു കാര്യവും പറഞ്ഞിരിക്കുന്നു എന്ന് പറയിക്കാനാകുമോ ചെയ്തത് എന്നുള്ള സംശയവും ഇല്ലാതില്ല.
Content Highlights: MA baby criticizes RSS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..