എം.എ. ബേബി, മാർ ജോസഫ് പാംപ്ലാനി | Photo: Mathrubhumi
കൊല്ലം: റബ്ബറിന് കിലോയ്ക്ക് 300 രൂപയാക്കിയാല്‍ എം.പിമാരില്ലെന്ന ബി.ജെ.പിയുടെ വിഷമം മാറ്റിത്തരുമെന്ന തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താനവയ്‌ക്കെതിരെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ മറ്റൊരു തത്വവുമില്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ബിഷപ്പിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്നും ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ബിഷപ്പിന്റേത് ശാസ്ത്രിമാരുടേയും പരീശന്മാരുടേയും നീതിയാണ്. ആര്‍.എസ്.എസ്. സര്‍ക്കാര്‍ റബ്ബറിന് വില കൂട്ടാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളേയോക്കുറിച്ച് മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്. നീതിയെക്കുറിച്ചാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ് വിശ്വാസികളോട് ആവശ്യപ്പെടുന്നത്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെനില്‍ക്കാന്‍ അല്ലെന്നും അദ്ദേഹം കുറിച്ചു.
എം.എ. ബേബിയുടെ കുറിപ്പ്:
'റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,' എന്നു പറയുന്ന സീറോ മലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
'നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.' മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല.
ആര്‍എസ്എസ് സര്‍ക്കാര്‍ റബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.
ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല.
Content Highlights: ma baby against mar joseph pamplany on bjp rubber rate comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..