തിരുവനന്തപുരം:കോവളം എം.എല്‍.എ എം വിന്‍സന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ രംഗത്ത്. വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വിന്‍സന്റ് എത്രയും വേഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

വിന്‍സെന്റിനെതിരായ ആരോപണം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എം.എല്‍.എയുടെ രാജിയാവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയും സമ്മര്‍ദ്ദം ശക്തമാണ്. രാജിയാവശ്യമുന്നയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തി. ഇതേ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഎം ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.