എം. വിൻസെന്റ് | Image Courtesy: screengrab| https://www.youtube.com/watch?v=0X6jSiOGhrw
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എം. വിന്‍സെന്റ് എം.എല്‍.എ. സമരത്തിന് നാലുമാസമായിട്ടും പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണ്. ഉപരോധ സമരം ആരംഭിച്ചതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിന്‍സെന്റ് കരയുന്നെന്ന് ഭരണപക്ഷം പരിഹസിച്ചപ്പോള്‍ കരയാനും ഒരു മനസ്സു വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമരക്കാര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്നും അവര്‍ രാജ്യദ്രോഹികളാണെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഒന്നിനുപിറകേ ഒന്നായി മന്ത്രിമാര്‍ ആരോപിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. 2018-ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ വലിയ സഹായമാണ് ചെയ്തത്. അന്‍പതിനായിരം ജീവനുകളാണ് അവര്‍ രക്ഷിച്ചതെന്ന് സര്‍ക്കാര്‍ തന്നെ പിന്നീട് പറയുകയുണ്ടായി. കേരളത്തിന്റെ സ്വന്തം സൈന്യം അവരുടെ സങ്കടവുമായി വരുമ്പോള്‍ നിങ്ങള്‍ തീവ്രവാദികളാണ് രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് പറയാമോ? അവരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാന്‍ കഴിയുമോ എന്നല്ലേ നോക്കേണ്ടിയിരുന്നത്, വിന്‍സെന്റ് ആരാഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ വലിയതുറയിലെ സിമന്റ് ഗോഡൗണില്‍ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും വിന്‍സെന്റ് ചൂണ്ടിക്കാണിച്ചു. നാലുവര്‍ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണില്‍ പത്തടി നീളവും വീതിയുമുള്ള ഇടത്ത് അഞ്ചും ആറും ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടുമല്ല നാലുവര്‍ഷമായി അവര്‍ അവിടെയാണ് കഴിയുന്നത്. മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനും പുതിയകാറ് വാങ്ങാനും തത്രപ്പെട്ട് ഓടുന്ന മന്ത്രിമാരോട് ഒരുദിവസം അവിടെ കഴിയാനാകുമോ എന്ന് ചോദിക്കുകയാണ്, വിന്‍സെന്റ് ആരാഞ്ഞു.
ഞങ്ങള്‍ക്കുള്ളത് വികസനത്തിന് അനുകൂലമായ കാഴ്ചപ്പാടാണ്. അല്ലാതെ നാലു മഞ്ഞക്കല്ലെടുത്ത് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല ഞങ്ങളുടെ വികസനമെന്നും വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
Content Highlights: m vincent mla criticises government in vizhinjam adjournment motion discussion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..