എം വിജിൻ, പോസ്റ്ററിനെതിരേയുള്ള ട്രോൾ
തിരുവനന്തപുരം: ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലെ ചിത്രം മാറിയതില്‍ സംഘടനയ്ക്കെതിരേ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എം. വിജിന് എംഎല്‍എ. ഡിസൈനര്‍ക്ക് ചിത്രം മാറിപ്പോയതാണെന്നും അതിന്റെ പേരില്‍ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമര്‍പ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നതെന്നും വിജിന് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.
ജൂലായ് മൂന്നിന് കോളിക്കടവില്‍ നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ പോസ്റ്ററാണ് വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചത്. യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതായി കാണിച്ച് പോസ്റ്ററില്‍ നല്കിയ ചിത്രം ഡിവൈഎഫ്ഐ പ്രവര്ത്തകരുടെതല്ലെന്നതാണ് പരിഹാസങ്ങള്‍ക്ക് ഇടയാക്കിയത്. ചിത്രത്തിലുള്ള പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്ന് എഡിറ്റ് ചെയ്ത് എഴുതി ചേര്‍ത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ നിറഞ്ഞതോടെയാണ് എംഎല്‍എ വിശദീകരണം നല്‍കിയത്. വിവാദത്തിന് വഴിവച്ച കോളിക്കടവിലെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തതും വിജിനായിരുന്നു.
കേരളം പ്രതിസന്ധികളില്‍ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരില്‍ മഹാഭൂരിപക്ഷവും ഡിവൈഎഫ്ഐക്കാര്‍ തന്നെയായിരുന്നു. ഒരു തരി മണല്‍ ഉള്ളം കൈയിലമര്‍ന്നു പോയാല്‍ ത്യാഗത്തിന്റെ എച്ച്ഡി ചിത്രം പകര്‍ത്തിയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല ഡിവൈഎഫ്ഐയെ നയിക്കുന്നത്. ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് ഡിവൈഎഫ്ഐ മലയാള മനസ്സില്‍ ജീവതം കൊണ്ട് വരച്ചുവെച്ചിരിക്കുന്നതെന്നും വിജിന് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡിസൈനര്‍ക്ക് ഒരു ചിത്രം മാറിപ്പോയതിന്റെ പേരില്‍ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെ
അപമാനിക്കാനിറങ്ങുന്നവരോട് ...
ഒരു തരി മണല്‍ ഉള്ളം കൈയിലമര്‍ന്നു പോയാല്‍ ത്യാഗത്തിന്റെ HD ചിത്രം
പകര്‍ത്തിയെടുത്ത് നവമാധ്യമങ്ങളില്‍
പ്രചരിപ്പിക്കുന്ന സംസ്കാരമല്ല DYFI യെ
നയിക്കുന്നത്.
നാട് നിന്ന് തേങ്ങിയ പ്രതിസന്ധികളില്‍ പകച്ചുപോയ നിമിഷങ്ങളിലെല്ലാം
ഒരാഹ്വാനവുമില്ലാതെ തന്നെ
ഓടിയെത്തിയ ചെറുപ്പക്കാരില്‍
മഹാഭൂരിപക്ഷം DYFIക്കാര് തന്നെയായിരുന്നു..
മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോള്‍ യൂണിഫോമിനും സുരക്ഷാ ഉപകരണങ്ങള്‍ക്കും കാത്തു നില്‍ക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിന്റെ വിപ്ലവ യൗവ്വനമായിരുന്നു..
ആയിരകണക്കിന് സന്നദ്ധ സേനാ സംഘങ്ങള്‍ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോള്‍ എങ്ങും എവിടെയും DYFI യൂത്ത് ബ്രിഗേഡ് വിയര്‍ത്തൊലിച്ചും ചെളിവെള്ളത്തില്‍ നീന്തിയും സദാ സമയവുമുണ്ടായിരുന്നു..
നടത്തിയ അധ്വാനത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളുവെങ്കിലും
അത് തന്നെ പതിനായിരക്കണക്കിനുണ്ട്.
കോ വിഡ് മഹാമാരി വന്നപ്പോള്‍
ഭയചകിതരായ മനുഷ്യര്‍ക്കിടയില്‍ നിര്‍ഭയം മൃതദേഹം സംസ്കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കാനും ഒറ്റപ്പെട്ടു പോയ കുടുംബങ്ങള്‍ക്ക് ഉപ്പു തൊട്ടു കര്‍പൂരം വരെ സകല സാധനങ്ങളുമെത്തിക്കാനും കൊടി പിടിക്കാതെ യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്
ഈ പ്രസ്ഥാനത്തില്‍.
സാലറി ചാലഞ്ച് ഇല്ലാതാക്കാന്‍ പലരും മത്സരിച്ചപ്പോള്‍ ആക്രി പെറുക്കിയും കല്ലു ചുമന്നും കക്ക വാരിയും മീന്‍ വിറ്റും സമാഹരിച്ച നാണയത്തുട്ടുകള്‍ ചേര്‍ത്ത് വച്ച് പതിന്നൊന്നരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ് .
വര്‍ഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ കഴിയുന്ന
അശരണരായ മനുഷ്യര്‍ക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം.
എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം വാങ്ങിയ പ്രസ്ഥാനം..
ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.
ആരൊക്കെ എത്ര ശ്രമിച്ചാലും
ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ്
DYFI മലയാള മനസ്സില്‍
ജീവിതം കൊണ്ട് വരച്ചു വെച്ചിരിക്കുന്നത്.
മറക്കരുത്...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..