കോഴിക്കോട: കേരളം വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ക്രേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീണ്ടും സജീവമാകുകയാണെന്നും രാഷ്ട്രീയപ്രേരിതമായ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. ആരോപിച്ചു.

സ്വപ്ന സുരേഷിനെ രാഷ്ട്രീയ ആയുധമാക്കി മുഖ്യമന്ത്രിക്ക് എതിരെയുള്ള മൊഴി എന്ന പേരില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ക്രേന്ദ്ര ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുവേളയിലും ക്രേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി ക്രേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ, അതെല്ലാം കേരളീയ സമൂഹം തള്ളിക്കളയുന്നു എന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പ് ഫലങ്ങള്‍. അതോടെ പിന്നോട്ട് പോയവര്‍ വീണ്ടും കള്ളക്കഥകളുമായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍നിന്ന് ബി.ജെ.പി. പിന്‍മാറണമെന്നും ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിനെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴി എന്ന പേരില്‍ കള്ളക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള ഹീനശ്രമങ്ങള്‍ക്കാണ് ബി.ജെ.പി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂട്ടുപിടിക്കുന്നത്. കേരളം കാലങ്ങളായി മാറ്റിനിര്‍ത്തിയ ബി.ജെ.പി. ഇപ്പോള്‍ കേന്ദ്ര ഭരണത്തിന്റെ മറവില്‍ ജനാധിപത്യവിരുദ്ധ നടപടികളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, കേരള ജനത ഇതിന് ശക്തമായ മറുപടി വോട്ടിങ്ങിലൂടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: m v shreyams kumar statement on ED enquiry