കോഴിക്കോട് : സോഷ്യലിസ്റ്റ്  ലയനത്തിന് തടസം ദേശീയ തലത്തില്‍ ജെ.ഡി.എസിനുള്ള ബിജെപി ചായ്‌വെന്ന് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ എംപി പറഞ്ഞു. ലയനം ഇന്ത്യയുടെ ആവശ്യമാണ്, ജെ.ഡി.എസിനോട് ലയിക്കുന്നതില്‍ എല്‍.ജെ.ഡിക്ക് വിരോധമില്ല. എന്നാല്‍ സന്ദര്‍ഭം വരുമ്പോള്‍ കര്‍ണ്ണാടകയിലുള്‍പ്പെടെ മറുകണ്ടം ചാടുന്ന ജെ.ഡി.എസിന്റെ സ്വഭാവം എല്‍.ജെ.ഡിയെ അലട്ടുന്നു.

കര്‍ഷകസമരത്തിലും കൃത്യമായി നിലപാട് ജെഡിഎസ് സ്വീകരിച്ചില്ല. ഒരു പാര്‍ട്ടിയായി മത്സരിച്ച് ജയിച്ചശേഷം ബിജെപിയോട് ജെഡിഎസ് ചേര്‍ന്നാല്‍ എല്‍.ജെ.ഡിക്ക് മാത്രമായി മാറി നില്‍ക്കാനാവില്ല. അത് അയോഗ്യതയ്ക്ക് കാരണമാകും. സംഘപരിവാറുമായി ചേരാന്‍ എല്‍.ജെ.ഡിക്കാവില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
  
കേരളത്തിലെ ജെഡിഎസ് നേതാക്കളെ കുറിച്ച്  എല്‍.ജെ.ഡിക്ക് നല്ല അഭിപ്രായമാണുള്ളത്. കേരളത്തിലെ നേതാക്കള്‍ മതേതര നിലപാടുള്ളവരാണ്. ലയനം നീണ്ടു പോകുന്ന സാഹചര്യത്തില്‍ കേരള നേതാക്കളെ പൂര്‍ണ്ണമനസോടെ എല്‍.ജെ.ഡിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ യുഡിഎഫിന് ഗുണം ചെയ്യില്ല. ഇടത് സര്‍ക്കാറിന്റെ നിലപാട് ദീര്‍ഘവീക്ഷണത്തോടെയുള്ളത്. ഒരു തരത്തിലും കുറ്റം പറയാന്‍ സാധിക്കാത്തതുകൊണ്ടാണ് രാഹുല്‍ ഗിമ്മിക്കുകള്‍ കാണിക്കുന്നത്. ത്രികോണ മത്സരം ഉയര്‍ത്തികൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമം ലക്ഷ്യത്തിലെത്തില്ല. വൈകാരിക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ്  ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങള്‍ ഇത്  തിരിച്ചറിയുമെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സീറ്റ് വിഭജിക്കുമ്പോള്‍ എല്‍.ജെ.ഡിക്ക് മാന്യമായ പരിഗണ ഇടത് മുന്നണി നല്‍കും. എന്നാല്‍ സീറ്റ് വിഭജനത്തില്‍ എല്‍.ജെ.ഡിയു അടക്കം എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. ദുരിത കാലത്ത് ഇടത് സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കും. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ ഇടത് മുന്നണി നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു