എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നാണ് സി.പി.എം. കണ്ടിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. 1967-ലെ സര്‍ക്കാരില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.
എങ്ങനെയൊക്കെയാണ് ഇന്ത്യ മാറുന്നത്, എങ്ങനെയാണ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാന്‍ പോകുന്നത് തുടങ്ങിയ വിവിധ വശങ്ങള് പരിശോധിച്ചുകൊണ്ട് ആവശ്യമായ നിലപാട് സ്വീകരിക്കും. അപ്പോള്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്നത് വ്യക്തമാകും. കോണ്‍ഗ്രസിലും ലീഗിലും യു.ഡി.എഫിലും പ്രശ്നങ്ങളുണ്ട്. വര്‍ഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ല.
എന്നാല്‍, രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി ഇപ്പോള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ല. അത് നയത്തെയും നിലപാടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കേണ്ട കാര്യമാണ്. യു.ഡി.എഫിനെ തകര്‍ക്കുകയെന്ന യാതൊരു ലക്ഷ്യവും സി.പി.എമ്മിനില്ല. അവരുടെ തന്നെ നിലപാടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ്. തകരുന്നതില്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Content Highlights: M.V Govindan Muslim League CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..