തിരുവനന്തപുരം:  സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ പരിശോധിക്കപ്പെടാന്‍ സൗകര്യമുണ്ടാകണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മാതൃഭൂമി ഡോട്ട് കോമിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ, സ്ഥാപനങ്ങില്‍1,28,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇതെല്ലാം സാധാരണക്കാരുടേതാണോ. ഇതിന്റെ ഉറവിടം വ്യക്തമല്ല സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ പരിശോധിക്കപ്പെടാന്‍ സൗകര്യമുണ്ടാകണം. സഹകരണ മേഖലയില്‍ സുതാര്യത വേണെമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. 

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ എതിര്‍ക്കുന്നു എന്ന വ്യാജേന കോണ്‍ഗ്രസും സി.പി.എമ്മും കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ സമരം ചെയ്യുന്നതെങ്കില്‍ നോട്ട് പിന്‍വലിക്കലിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിച്ചതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എന്നിട്ടും നിലപാട് മാറ്റാത്തത് ഇവര്‍ കള്ളപ്പണക്കാര്‍ക്കൊപ്പമെന്നാണന്നതിന്റെ തെളിവാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പി അധ്യക്ഷന്‍ ഡയറക്ടറായ സഹകരണ ബാങ്കില്‍ പരിശോധന നടത്താന്‍ ആദായ നികുതി വകുപ്പിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ആ സ്വതന്ത്ര്യം ലഭിക്കുന്നില്ല. കള്ളപ്പണത്തില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നിങ്ങനെ പാര്‍ട്ടി വ്യത്യാസമില്ല. എല്ലാ കള്ളപ്പണക്കാരുടെയും പേരുവിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ട് 

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ മാത്രമാണ് അല്‍പ്പം പ്രതിസന്ധി ഉള്ളത്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമ്പോള്‍ അത് പരിഹരിക്കപ്പെടും. കേന്ദ്ര ബജറ്റ് ജനക്ഷേമപരമായിരിക്കും എന്നാണ് കരുതുന്നത്. അടിസ്ഥാനസൗകര്യ മേഖലയില്‍ അടക്കം വലിയ പദ്ധതികള്‍ വരും. നോട്ട് വിഷയത്തില്‍ നിര്‍മാണ മേഖലയില്‍ മാന്ദ്യമുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള പദ്ധതികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.