തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിനും തുടര്‍ന്ന് നടന്ന അക്രമത്തിനും ഭീകര സംഘടനയായ ഐ എസുമായി  ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്ത്.

ആധില്‍ എ എക്‌സ് (Aadhil A X- The Sri Lankan Social Media activist) എന്ന ശ്രീലങ്കയിലെ ഐ എസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

'സമീപകാലത്ത് ശ്രീലങ്കയില്‍ നടന്ന വംശീയ കലാപത്തില്‍ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ് തീവ്രവാദ ബന്ധമുള്ളതിനാല്‍ ഈ സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജ് അടക്കമുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇന്റര്‍പോള്‍ അടച്ചു പൂട്ടിച്ചിട്ടുമുണ്ട്.

കേരളത്തിലെ എസ് ഡി പി ഐ പോലെയുള്ള സംഘടനകള്‍ക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാന്‍ കേരളാ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്'.

ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ ഈ വിഷയത്തെപ്പറ്റി എന്‍ഐഎ അന്വേഷണം നടത്തണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എന്‍ ഐ എയ്ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലില്‍ നാശ നഷ്ടം ഉണ്ടായവര്‍ക്ക്  നഷ്ടപരിഹാരം നല്‍കാന്‍  സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് പറഞ്ഞു.

content highlights: M T Ramesh alleges IS connection in whatts app hartal