കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയെന്ന എം.സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു എം.എൽ.എ. മണ്ഡലത്തില്‍ ഒരിടത്തും യുഡിഎഫ് അയ്യപ്പന്റെ പേരിലുള്ള സ്ലിപ്പുകള്‍ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ബാബു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാര്‍ഥിയായിരുന്ന സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സ്വരാജ് കേസ് നല്‍കിയ കാര്യം പത്രത്തില്‍ കണ്ടുള്ള അറിവ് മാത്രമാണുള്ളത്. എന്നാല്‍ ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. സ്ലിപ്പുകള്‍ താന്‍ നല്‍കിയതാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. സ്ലിപ്പ് കിട്ടിയെന്ന് പറയുന്ന ഒരാള്‍ തൃപ്പൂണിത്തുറയിലെ ഡിവൈഎഫ്‌ഐ അംഗമാണെന്നും അദ്ദേഹം ആരോപിച്ചു. 

സ്വാമി അയ്യപ്പന്റെ പേര് യുഡിഎഫ് എവിടെയും ഉപയോഗിച്ചിട്ടില്ല. കേസ് കോടതിയില്‍ വരുമ്പോള്‍ നോക്കാം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചാല്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ബാബു വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ സിപിഎം കുപ്രചാരണങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍ ജനകീയ കോടതിയില്‍ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചു. മാന്യമായ രീതിയില്‍ പ്രചാരണം നടത്തിയാണ് വിജയിച്ചത്. എന്നാല്‍ ഇടതുപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നിരന്തരമായ സൈബര്‍ ആക്രമണത്തിലൂടെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. സിപിഎമ്മിന്റെ സൈബര്‍ ആക്രമണങ്ങളെ പുച്ഛിച്ചു തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: M Swarajs allegation was baseless says k Babu