വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ അധികാരങ്ങളും കൈകാളിയിരുന്ന ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇവരുടെ ലോക്കറില്‍നിന്ന് കിട്ടിയ പണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ബാക്കി കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ അധികാരങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്നയാള്‍ ആദ്യം സ്വര്‍ണ കള്ളക്കടത്തുകേസില്‍ 100 ദിവസം ജയിലില്‍ കിടന്നു. ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലും അറസ്റ്റിലായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതികള്‍ മുഴുവന്‍ നടന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു വ്യക്തത നല്‍കണം - സതീശന്‍ പറഞ്ഞു.
നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനും സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്റെയൊപ്പം സംസ്ഥാന സര്‍ക്കാരും സി.ബി.ഐ. അന്വേഷണത്തിനെതിരായി പ്രവര്‍ത്തിക്കുകയാണ്. ഇത് വിരോധാഭാസമാണ്. സ്വര്‍ണക്കടത്തു കേസില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും സി.ബി.ഐ. അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും സതീശന്‍ ചോദിച്ചു.
Content Highlights: m sivasankar's arrest; opposition leader wants the chief minister to clarify his stand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..