കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തില്‍ എം.ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴഞ്ഞ ദിവസങ്ങളിലടക്കം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്. 

നിയമനത്തില്‍ ശിവശങ്കര്‍ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നതിന് പുറമേ, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനെ ഒഴിവാക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്നും ഇതില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ടും അദ്ദേഹത്തിന്റെ അറിവോടെയുമാണ് നിയമനങ്ങളെല്ലാം നടന്നത്. നിയമനത്തിലൂടെ എത്തിയ ആളുകള്‍ക്ക് എതിരേ ഒരുതരത്തിലുള്ള അന്വേഷണവും ഉണ്ടാകില്ലെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. 

സാങ്കേതികവിദ്യ അനുദിനം മാറുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ നിര്‍ദേശിച്ചെന്നായിരുന്നു വാർത്ത. 

Content Highlights: M Sivasankar, Kerala High Court