കൊച്ചി: എം ശിവശങ്കറിന്റെ കസ്റ്റഡികാലാവധി നീട്ടി. ജാമ്യാപേക്ഷ പരി​ഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡികാലാവധി നീട്ടിയത്.

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ ലഭ്യമായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. കൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കർ സ്വപ്നസുരേഷിന് വാട്സ്കൈ ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ.

ഇതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് കോടതിയിൽവ്യക്തമാക്കിയത്.

സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ അടക്കമുള്ളവയില്‍ സ്വപ്‌ന സജീവ പങ്കാളിയാണെന്നും ഇ.ഡി പറയുന്നു. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് വാട്‌സ് ആപ്പ് വഴി കൈമാറി. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരി​ഗണിക്കും. അതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എൻഫോഴ്സ്മെന്റിന്റെ ആവശ്യം.

കസ്റ്റഡിയിൽ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ശിവശങ്കർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രെെവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് നാളെ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തിൽ ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്.

Content Highlights:M Sivasankar at ED custody for six more days