കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്.  

m sivasankar
 അറസ്റ്റ് ചെയ്ത ശേഷം എം. ശിവശങ്കറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍| ഫോട്ടോ: ബി മുരളീകൃഷ്ണന്‍ / മാതൃഭൂമി

30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. 

ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലൊണ് ഇ.ഡി അധികൃതര്‍ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ഏഴ് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസും ബുധനാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
 
നേരത്തെ ഇ.ഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

Content Highlights: M Sivasankar arrested