
എം.ശിവശങ്കർ |മാതൃഭൂമി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ശിവശങ്കറിനെ കസ്ററഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തേ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉളള ഒരു പ്രതിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്കി അനുമതി വാങ്ങേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും തുടര്‍നടപടി.
സ്വപ്ന സുരേഷിനെ ഏറ്റവും ഒടുവില്‍ കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് ശിവശങ്കറുമായി ബന്ധപ്പെട്ടുളള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്ന വിവരം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു അത് തെളിയിക്കുന്നതിനുളള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് തെളിവാണ് എന്നറിയിച്ചിട്ടില്ല. നേരത്തേ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം കസ്റ്റംസ് നടത്തിയിരുന്നു. അന്ന് ഒന്നും ലഭിക്കാത്ത പുതിയ തെളിവ് ലഭിച്ചു എന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നേരത്തേ ഇ.ഡി. സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെയും ശിവശങ്കറിനെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസില്‍ പ്രതിചേര്‍ത്ത് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് അടക്കമുളള നടപടിക്രമങ്ങളിലേക്കാണ് പോകാനുളളത്. അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും.
Content Highlights:M. Shivashankar was arrested by the Customs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..