പാലക്കാട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഒരിക്കല്‍ കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു. 
 
സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ കോണ്‍ഗ്രസിലേക്കും വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കെഎസ്‌യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഈ അരുകൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഹസ്സന്‍ പറഞ്ഞു. 
 
ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് എടയന്നൂരീല്‍ നടത്തിയ റാലിക്കിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദികള്‍ സിപിഎം ആണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ഹസ്സന്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസം എടയന്നൂര്‍ തെരൂരില്‍ സുഹൃത്തിന്റെ തട്ടുകടയിലെത്തിയ ശുഹൈബിന് നേരെ അക്രമികള്‍ ബോംബ് എറിഞ്ഞ് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. അരയക്ക് താഴേയ്ക്ക് 37 വെട്ടുകള്‍ ഉണ്ടെന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോലീസ് അറിയിച്ചത്.