കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി.... എന്ന കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അര്‍ജുനന്‍ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ചെട്ടികുളങ്ങര ഭരണിനാളില്‍  പാട്ടുകള്‍ മൂളാത്ത മലയാളികളുണ്ടാവില്ല.

പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ഓസ്‌കാറിനോളം ഇന്ത്യയുടെ പെരുമ ഉയര്‍ത്തിയ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കീഴിലായിരുന്നു

ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

അദ്ദേഹം ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകള്‍ പൂത്താല്‍' എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അര്‍ജുനന്‍ മാഷിന്. പക്ഷേ സിനിമയുടെ പേരില്‍ ഒരു അംഗീകാരം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.

മലയാള സിനിമാ ഗാനലോകത്തെ 'ശ്രീ'യും നിത്യഹരിത ഗാനങ്ങളുടെ 'രാജശില്പി'യും കണ്ടുമുട്ടിയപ്പോള്‍........

സ്വന്തം കഴിവുകളെയോ നേട്ടങ്ങളെയോ ചൊല്ലി ഒരിക്കലും അഹങ്കരിക്കാത്ത അര്‍ജുനന്‍ മാഷ് അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ ഒരു പരിഭവവും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. അത്രയും സാത്വികനും ശുദ്ധനുമായ മനുഷ്യനായിട്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം അദ്ദേഹം ഓര്‍ക്കുന്നത്. 

ആളുകള്‍ നമ്മുടെ പാട്ടു കേള്‍ക്കുക എന്നതാണ് പ്രധാനം. ചെയ്ത പാട്ട് ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നും എന്നാണ് സിനിമയില്‍ അധികം പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് ഒരിക്കല്‍ മാഷ് പറഞ്ഞത്. രണ്ടാമത്തെ ചിത്രമായ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും,

യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ... അങ്ങനെ ഹിറ്റുകളുടെ തേന്മമഴ തന്നെയാണ് ആ ചിത്രത്തില്‍ പിറന്നത്. 1975 ല്‍ പുറത്തിറങ്ങിയ പിക്‌നിക്ക് എന്ന ചിത്രത്തില്‍ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ട് ഇന്നും ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകള്‍ പൂത്ത, പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍, മല്ലികപ്പൂവിന്‍ മധുരഗന്ധം...ആ ത്രിസന്ധ്യ തന്‍ അനഘമുദ്രകള്‍, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയില്‍...ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ..അങ്ങനെ പോകുന്ന ഹിറ്റുകളുടെ നിര..

Content Highlights: M K Arjunan, malayalam music