കോഴിക്കോട്: അമ്പതാണ്ടുകള്‍ക്കിപ്പുറം ആദരവോടെ ആ ത്രിവര്‍ണ ഖദര്‍ഷാള്‍ അണിയുമ്പോള്‍ കൃഷ്‌ണേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു, കൂപ്പിയ കൈകള്‍ വിറച്ചു. സസ്‌പെന്‍ഷനില്‍ അരനൂറ്റാണ്ടുകഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ തള്ളാതിരുന്ന 94-കാരനെത്തേടി എം.കെ. രാഘവന്‍ എം.പി.യും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാറും കോഴിക്കോട് എടക്കാട്ടെ വീട്ടിലെത്തുകയായിരുന്നു.

സഹകരണസംഘത്തില്‍ ക്രമക്കേട് നടത്തിയെന്ന വ്യാജപരാതിയിലാണ് 51 വര്‍ഷംമുമ്പ് എം.സി. കൃഷ്ണനെതിരേ കോണ്‍ഗ്രസ് നടപടിയെടുത്തത്. മറ്റുചില പാര്‍ട്ടികളില്‍ ചേരാന്‍ അവയുടെ നേതാക്കള്‍ പ്രേരിപ്പിച്ചെങ്കിലും കൃഷ്ണന്‍ കോണ്‍ഗ്രസിനെ പുറത്തുനിന്ന് അകക്കാമ്പില്‍ സ്‌നേഹിച്ചു, എന്നും.

ശനിയാഴ്ച 'മാതൃഭൂമി'യില്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടും കോണ്‍ഗ്രസ് കൂറു വിടാതിരുന്ന അപൂര്‍വ സ്‌നേഹത്തിന്റെ ജീവിതകഥ. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ വീട്ടിലെത്തിയത്. അവര്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ ഫോണില്‍ വിളിച്ചു. ഫോണ്‍ കൃഷ്‌ണേട്ടന് കൈമാറി. അദ്ദേഹം കൃഷ്‌ണേട്ടനോടു സംസാരിച്ചു.

''പാര്‍ട്ടിക്ക് തെറ്റുപറ്റി. ഉടനെ പരിഹരിക്കും. കോടതിയിലടക്കം അങ്ങയുടെ നിരപരാധിത്വം തെളിഞ്ഞതാണല്ലോ. കൃഷ്‌ണേട്ടന് പണ്ടേതന്നെ അംഗത്വം നല്‍കേണ്ടതായിരുന്നു. നാളെത്തന്നെ അതിന് നടപടിയുണ്ടാവും'' -51 വര്‍ഷമായി താന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ക്ക് കാതോര്‍ത്തപ്പോള്‍ കൃഷ്‌ണേട്ടന്‍ വിതുമ്പലിന്റെ വക്കിലെത്തി.

ജീവിതപ്രാരബ്ധങ്ങളും ത്യാഗവും നിറഞ്ഞ തന്റെ ജീവിതത്തില്‍ ഈ നിമിഷം വളരെ കാത്തിരുന്നുകിട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ത്തന്നെ അത് വിലമതിക്കാനാവാത്തത്ര സന്തോഷം നല്‍കുന്നു. അടുത്തുനിന്ന മകന്‍ സുധീഷിനും കുടുംബാംഗങ്ങള്‍ക്കും അച്ഛന്റെ മനസ്സുനിറയുന്നത് സന്തോഷമേകി. പുറത്തെ കുളിര്‍മഴ മനസ്സുകളിലും.

വൈകുന്നേരം വാര്‍ത്തകണ്ട കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും കൃഷ്‌ണേട്ടനെ വിളിച്ചു. നിസ്സാരപ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിവിടുന്നവര്‍ കൃഷ്‌ണേട്ടനെ കണ്ടുപഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി വ്യക്തമാക്കി കൃഷ്‌ണേട്ടന് കത്തുനല്‍കാന്‍ ഡി.സി.സി. പ്രസിഡന്റ് യു. രാജീവന് കെ.പി.സി.സി. പ്രസിഡന്റ് നിര്‍ദേശം നല്‍കി. ഞായറാഴ്ചതന്നെ കത്തുനല്‍കും.