
എം.സി ഖമറുദ്ദീൻ | Photo: facebook.com|mckamaruddin
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദ്ദീന് എം.എല്‍.എയ്ക്ക് ആറു കേസുകളില്‍ കൂടി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എം.എല്‍.എ റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും ജാമ്യമായി. ആകെ 148 കേസുകളിലാണ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തിരുന്നത്.
ബുധനാഴ്ച വൈകീട്ടാണ് ജാമ്യം അനുവദിച്ചത്. അതിനാല്‍ ജാമ്യക്കാരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടിയിട്ടില്ലെന്നും വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും ഖമറുദ്ദീന്റെ അഭിഭാഷകന് പി.കെ.ചന്ദ്രശഖരന്‍ പറഞ്ഞു. കാസര്‍കോട് ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 13 കേസുകളില്‍ ബോണ്ട് ഹാജരാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബാക്കിയുണ്ട്. അതും വ്യാഴാഴ്ച രാവിലെ പൂര്‍ത്തിയാക്കുമെന്ന് അഭിഭാഷകന് അഡ്വ.കെ. വിനോദ്കുമാര്‍ അറിയിച്ചു.
രണ്ടു കോടതികളിലെയും നടപടി ക്രമങ്ങള്‍ വ്യാഴാഴ്ച രാവിലെ പൂര്‍ത്തിയായാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം.എല്‍.എ വ്യാഴാഴ്ച വൈകീട്ടോടെ പുറത്തിറങ്ങും. ജയിലില്‍ നിന്നു പുറത്തിറങ്ങിയാലും തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോകാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരത്തേക്കു പോകുന്നതില്‍ തടസമില്ല. എന്നാല്‍ കേസുകളുള്ള പോലീസ് സ്റ്റേഷന് പരിധിയില്‍ കടക്കരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ മലയോര പാത വഴി സഞ്ചരിക്കേണ്ടി വരും.
155 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ടെടുത്തി രജിസ്റ്റര്‍ ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനില്‍ 85 കേസുകള്‍. ബേക്കലില്‍ ആറ്, പയ്യന്നൂര്‍ പോലീസില്‍ 27, കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ 28, കണ്ണൂര്‍, തലശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഓരോ എണ്ണം. ഇങ്ങനെയാണ് അറസ്റ്റു രേഖപ്പെടുത്തിയ കേസുകളുടെ വേര്‍തിരിച്ച കണക്ക്. വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റു രേഖപ്പെടുത്താത്ത ഏഴു കേസുകള്‍ കൂടിയുണ്ട്. അതിനാല്‍ ഖമറുദ്ദീന് പുറത്തിറങ്ങിയാലും അറസ്റ്റുവാറണ്ട് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന് പറയുന്നു.
കഴിഞ്ഞ ആഴ്ച വരെ അറസ്റ്റു രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 142 ആയിരുന്നു. ഏതാനും ദിവസം മുന്‍പാണ് ബേക്കല്‍ പോലീസ് ആറു കേസുകളില്‍ അറസ്റ്റു രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് എം.സി. ഖമറുദ്ദീന് അറസ്റ്റിലാകുന്നത്. എല്ലാ സ്റ്റേഷനിലേയും കേസുകള്‍ എസ്.ഐ.ടി. ഏറ്റെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനാല്‍ എസ്.ഐ.ടി യുടെ അന്വേഷണം നിലച്ചിരിക്കുകയാണ്. അതിനാല്‍ ബാക്കിയുള്ള ഏഴു കേസുകളില്‍ പെട്ടെന്ന് അറസ്റ്റുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പോലീസുദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
content highlights: M. C. Kamaruddin granted bail in all cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..