തിരുവനന്തപുരം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ വനിതാ കമ്മിഷന്‍. പെരിന്തല്‍മണ്ണയില്‍ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മിഷന്‍ പറഞ്ഞു. 

പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു. 

Content Highlights: M C Josephine on perinthalmanna drishya murder case