കൊച്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തെ കാണാന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനാണ് യൂസഫലി എത്തിയത്.

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബത്തെ കാണാമെന്ന നേരത്തെ വാക്ക് നല്‍കിയതാണെന്നും അതിപ്പോള്‍ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കാണാന്‍ വന്നപ്പോള്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരുതവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭയങ്കര മഴയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ കുടയുമായി വന്ന്  തന്നെ ഹെലികോപ്റ്ററില്‍ നിന്നും ഇറക്കി. നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോള്‍. എല്ലാവരും ചേര്‍ന്നാണ് പിടിച്ച് ഇറക്കിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: M A Yusufali visits the family who helped in the helicopter accident