കൊച്ചി:  പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി.

എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്‌. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ma yusuf ali helicopter
ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
 
ഭാഗികമായി ചതുപ്പില്‍  പൂണ്ടനിലയിലാണ് ഹെലികോപ്റ്റര്‍. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Content Highlight: M.A Yusuf Ali chopper emergency Landing