അടൂര്‍: കഥകള്‍ക്കെതിരെ ഫത്വ ഏര്‍പ്പെടുന്ന കാലമാണിതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒരു രചനയോട് വിമര്‍ശനം ആകാം. എന്നാല്‍ ഫത്വ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. കലാസൃഷ്ടിയെ കലാസൃഷ്ടിയായി വിമര്‍ശിക്കാതെ ഫാസിസം ശാരിരികമായി നേരിടുന്ന അവസ്ഥയാണ് ഇപ്പോളുള്ളതെന്നും എം.ബേബി ചൂണ്ടിക്കാട്ടി. അടൂരില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നത്തെ കാലത്ത് ആയിരുന്നെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള സംവിധായകര്‍ക്ക് പല സിനിമകളും ചെയ്യാന്‍ ആവില്ലായിരുന്നെന്നും എം.എ ബേബി ഓര്‍മിപ്പിച്ചു. അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയിലാണ് നാം കടന്നു പോകുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനും പറഞ്ഞു.  എന്നാല്‍ അടിയന്തരാവസ്ഥയല്ലെന്ന് നമുക്കറിയാം. കലാകാരന്‍മാര്‍ വെല്ലുവിളി നേരിടുന്ന സാഹചര്യമാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. 

മരണത്തെ അതിജീവിക്കലാണ് എഴുത്തെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. മീശ എഴുതിയ എസ്. ഹരീഷിനോട് താനിക്കാര്യം പറഞ്ഞിരുന്നു. എഴുതിയ ആശയങ്ങളെ ഒരു കാരണവശാലും ഇല്ലാതാക്കാന്‍ കഴിയില്ല. പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എഴുത്തുകാരനെ ഭീഷണിപ്പെടുത്താനുള്ള ഇടമായി സാമൂഹിക മാധ്യമങ്ങള്‍ മാറിയെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.