എം.എ. ബേബി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എം.സി. ജോസഫൈന്‍ പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദത്തിന്റെ പുറത്ത് ഇത്തരത്തില്‍ പ്രതികരിച്ചതാകാമെന്നും അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം പി.ബി അംഗം എം.എ.ബേബി. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ സ്വയം ന്യായീകരിച്ചില്ലെന്നും സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി.
സമൂഹം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത ഇതെല്ലാം അറിയാവുന്ന ആളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദത്തിന്റെ മൂലം ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത് മനസിലാക്കിയാണ് ജോസഫൈന്‍ തന്നെ ഖേദം പ്രകടിപ്പിച്ചതെന്നും എം.എ. ബേബി പറഞ്ഞു.
സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈന്‍ ന്യായീകരിക്കുകയല്ല ചെയ്തത്. വാക്കുകള്‍ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്‌നമാകുന്ന തരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞു. വളരെ വലിയ ജനാധിപത്യ മാതൃകയാണ് ഇത്. തെറ്റുണ്ടായാല്‍ എങ്ങനെ തിരുത്തണം എന്നതിന്റെ നല്ലൊരു പാഠമാണ് സിപിഎം സമൂഹത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് ജോസഫൈനും നല്ലൊരു മാതൃകയാണ് കാണിച്ചിരിക്കുന്നത്.
സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ എന്താണ്, ഭാവം എന്തായിരിക്കണം ഇതൊക്കെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള വലിയൊരു പാഠമായി കൂടെ ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന കാര്യത്തിലുള്ള ഒരു ഉപദേശം കൂടിയാണ് ഈ സംഭവവികാസവും അതിലുണ്ടായ തീരുമാനവും. സമൂഹത്തിനും എല്ലാ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വനിത കമ്മീഷന്‍ അധ്യക്ഷയായി പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ ആയിരിക്കണോ അതോ പ്രമുഖ വ്യക്തികള്‍ വേണോ എന്ന കാര്യത്തില്‍ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ആശയവിനിമയം നടത്തി തീരുമാനം എടുക്കും. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ചയും ആലോചനയുമില്ലെന്നും എം.എ. ബേബി പറഞ്ഞു.
Content Highlights: M. A. Baby on M C Josephine issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..