തിരുവനന്തപുരം:  ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം പൊറുത്തുകൊള്ളുമെന്ന ഹൈക്കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍വിളക്കായ് കരളിലിരിക്കുന്നു' എന്ന ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍നിന്നുള്ള ഭാഗങ്ങള്‍ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ അഭിപ്രായം. 

1975-ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കു വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച വരികളാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇപ്പോള്‍, വിധിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. ഇത്തരത്തിലൊരു വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിയാണ് നീതിമാന്‍ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോടതികള്‍ മാത്രമാണ് ഏക ആശ്രയമെന്നും ശ്രീകുമാരന്‍ തമ്പി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 

'ഈശ്വരന്‍ എന്നു പറയുന്നത് ജയിലില്‍ കിടക്കുന്ന ആളല്ല. ഈശ്വരന്‍ സര്‍വവ്യാപിയാണ്, അത് എല്ലാ മതക്കാരും സമ്മതിക്കുന്നതാണ്. ഈ പ്രപഞ്ചം മുഴുവന്‍ ഊര്‍ജം ആണെന്ന് ഫിസിക്‌സ് പറയുമ്പോലെ ഈ പ്രപഞ്ചം മുഴുവന്‍ ബ്രഹ്മമാണ്, ദൈവമാണ്. ദൈവം ഇല്ലാത്ത ഒരു സ്ഥലവുമില്ല. കാരണം സൗന്ദര്യത്തില്‍ മാത്രമല്ല ദൈവം. ദേവാലയങ്ങളില്‍ എന്ന് പറയുമ്പോള്‍, ദേവാലയങ്ങളില്‍ മാത്രമാണ് ദൈവം എന്ന് തെറ്റിദ്ധാരണ വരുന്നുണ്ട്. അങ്ങനെ അല്ല. അത്രയും ഉയര്‍ന്ന ഒരാശയം കോടതിയില്‍ പറഞ്ഞ ആ ജഡ്ജിയെ നമസ്‌കരിക്കണം. ഇങ്ങനെയുള്ള നീതിപതികള്‍ വരണം. എവിടെങ്കിലും ഒരു വിഗ്രഹം കൊണ്ടുവെച്ച് ഇത് അമ്പലമാണ്. ഇവിടെ ആരും വരാന്‍ പാടില്ല. അല്ലെങ്കില്‍ ഒരു കുരിശ് കൊണ്ടു നാട്ടിയിട്ട്, ഇത് പള്ളിയാണ്, ഇവിടെ ആരും വരാന്‍ പാടില്ലെന്നോ പറയുന്ന പ്രവണത വളരെ അപകടകരമാണ്. ജനങ്ങളുടെ നന്മയാണ് പ്രധാനം. രാഷ്ട്രത്തിനു വേണ്ടി ഒരു പാതയൊരുക്കുമ്പോള്‍ അതില്‍ ദേവാലയങ്ങള്‍ വന്നാല്‍ ദേവാലയങ്ങളെ ഒഴിവാക്കണം എന്നു പറഞ്ഞ് അവിടെ വളഞ്ഞുപോകണമെന്ന് പറയുന്നത് ശരിക്കും ഈശ്വരവിശ്വാസമല്ല. അത് സ്വാര്‍ഥതയാണ്. ആ വിധിയെ വളരെയധികം അംഗീകരിക്കുന്നു. ഭാരതത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നമുക്ക് ആകെ ആശ്രയം കോടതികളാണ്. നീതിന്യായ കോടതികള്‍ കൂടി മലിനമായിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് രക്ഷാമാര്‍ഗമില്ല'- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

content highlights: lyricist sreekumaran thampi on high court ruling of highway development