കൊച്ചി: മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാള്‍ക്കെതിരേ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സംഘം കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.

നേരത്തെ കലൂരിലെ വീട്ടിലും ചേര്‍ത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ വലിയ തോതില്‍ ആഡംബര വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. 

ചേർത്തല പോലീസിൽ ലഭിച്ച പരാതി അനുസരിച്ച് ആഡംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത് ക്രൈംബ്രാഞ്ചിന് കൈമാറി.

Monson
മോണ്‍സന്‍റെ വീട്ടില്‍ കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തുടരുകയാണ്. മോൺസൻ മാവുങ്കലിന്റെ കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നത്.

മോൺസൻ മാവുങ്കലിന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ ആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാര്‍ഥമാണോ എന്നാണ് വനം വകുപ്പെത്തി പരിശോധിക്കുന്നത്. കൂടാതെ ഈ ആനക്കൊമ്പിന് പുറമേ മറ്റെതെങ്കിലും ജീവികളുടെ കൊമ്പോ മറ്റ് വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Content Highlights:luxurious vehicles Customs raid at Monson Mavunkal home at kaloor