• കാട്ടാന കാറിനെ ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യം
തിരുനെല്ലി: കാട്ടാനയ്ക്കു മുന്നിലകപ്പെട്ട കാർയാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 10.40-ഓടെ അപ്പപ്പാറ പാർസിമുക്കിലായിരുന്നു സംഭവം. പേര്യ 34-ലെ നസീമ എസ്റ്റേറ്റ് മാനേജർ അപ്പപ്പാറ ബാങ്കിന് സമീപത്തെ സുകന്യഭവനിൽ പി.ടി. നിധീഷ് ഓടിച്ച കാറിനു മുന്നിലാണ് കാട്ടാന ഭീതിവിതച്ചത്. അപ്പപ്പാറ നാഗമനയിലെ സുഹൃത്ത് ശ്രീജേഷിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു നിധീഷ്.
സ്വന്തം വീട്ടിലേക്ക് തിരികെവരുമ്പോൾ നാട്ടുകാരിയായ ആക്കൊല്ലിക്കുന്ന് അങ്കണവാടിയിലെ ഹെൽപ്പർ വിനിതയും ഇവരുടെ ചെറിയ രണ്ടുകുട്ടികളും കാറിൽ കയറിയിരുന്നു. ഇവരെ ആക്കൊല്ലിക്കുന്നിലെ വീടിനു സമീപം ഇറക്കാൻപോയപ്പോഴാണ് ആനയുടെ മുന്നിലകപ്പെട്ടത്. കാറിനെ ലക്ഷ്യമാക്കി രണ്ടുതവണ കാട്ടാന പാഞ്ഞടുത്തെങ്കിലും ആക്രമിക്കാതെ തിരിഞ്ഞുപോയതാണ് ആശ്വാസമായത്. കാറിലുണ്ടായിരുന കുട്ടികൾ ബഹളംവച്ചെങ്കിലും നിധീഷ് ധൈര്യം നൽകി അവരെ ആശ്വസിപ്പിക്കുകയായിരുന്നു. കാറിൽ ഘടിപ്പിച്ച ക്യാമറയിലാണ് ആനയുടെ വീഡിയോദൃശ്യം പതിഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രക്ഷപ്പെട്ടത് ഭാഗ്യത്താൽ
ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടതിൽ വലിയ ആശ്വാസമുണ്ട്. ആദ്യമായാണ് കാട്ടാനയുടെ മുന്നിലകപ്പെടുന്നത്. ജനവാസകേന്ദ്രമായ ഇവിടെ കാട്ടാനയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ധൈര്യം സംഭരിച്ച് വാഹനം ഓഫ്ചെയ്യാതെ ലൈറ്റിട്ട് നിർത്തുകയായിരുന്നു. ആന പിന്തിരിഞ്ഞുപോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
പി.ടി. നിധീഷ്.
Content Highlights: Lucky escape for car passengers from wild elephants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..