തിരുവനന്തപുരം: പ്രളയാനന്തരം ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന്‍ കാരണം. 

മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളില്‍ സംഭവിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും ഭൂവിനിയോഗ ബോര്‍ഡ് പറയുന്നു. 

content highlights: Flood affected kerala, water sources, Kerala State Land Use Board