ഷെജിൻ, ജോയ്സ്ന
ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ നേതാവ് എം.എസ് ഷെജിനും ജോയ്‌സ്‌ന മേരി ജോസഫും. പ്രണയിക്കുന്ന ആളുമായി ഒന്നിച്ച് ജീവിക്കാനായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിവന്നതെന്ന് ജോയ്സ്ന പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജോയ്സ്ന ഇറങ്ങിവന്നതെങ്കില്‍ വിവാഹം ചെയ്യാനും ഒന്നിച്ച് ജീവിക്കാനും പാര്‍ട്ടിയുടെ പിന്തുണയും സംരക്ഷണവും ഉണ്ടാവുമെന്നാണ് പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയതെന്ന് ഷെജിനും വ്യക്തമാക്കി.
ഷെജിനെ നേരത്തെ പരിചയമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്പരം പ്രണയത്തിലായത്. ഒന്നിച്ച് ജീവിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നു. ഇത്ര രൂക്ഷമായ പ്രശ്‌നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. മതം മാറാന്‍ ഷെജിന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. മരിക്കുന്നത് വരെ എന്റെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും എനിക്കുണ്ടെന്നും ജോയ്സ്ന പറഞ്ഞു.
തനിക്കെതിരെ മൃഗീയമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് ഷെജിന്‍ പറഞ്ഞു. ലൗ ജിഹാദ് എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ജോയ്സ്ന അവളുടേയും ഞാന്‍ എന്റേയും മതത്തില്‍ തുടരും. സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തി വിദ്വേഷപ്രചാരണം നടത്താനാണ് ചിലരുടെ ശ്രമം. തീവ്രസ്വഭാവമുള്ള ചില സംഘടനകളും ആളുകളുമാണ് ഇതിന് പിന്നിലുള്ളത്. പരസ്പരം സ്‌നേഹിക്കുന്ന രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നത് അപരിഷ്‌കൃതമാണ്.
കുറച്ച് ദിവസം മാറിനിന്നത് എന്തിനാണെന്ന് ആദ്യഘട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ കോടതിയില്‍ ഹാജരായി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നേതാക്കളുമായി ബന്ധപ്പെട്ടു. ജോയ്സ്നയെ വിവാഹം ചെയ്ത് ജീവിക്കുന്നതിനോട് പോസിറ്റീവ് ആയാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. സംരക്ഷണം തരുമെന്ന് ഉറപ്പ് നല്‍കി. ആളുകള്‍ പലതും പറയുന്നുണ്ട്. അത് കാര്യമാക്കുന്നില്ല. വധഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഷെജിന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നാണ് നിരീക്ഷണമെന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ തിരുവമ്പാടി എം.എല്‍.എ.യുമായ ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശമാണ് സംഭവത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റിയത്. സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂര്‍വമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ്.എം.തോമസ് അഭിപ്രായപ്പെട്ടു.
Content Highlights: love jihad Accusation; DYFI leader Shejin and Joysna reacts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..