.jpg?$p=c306fe1&f=16x10&w=856&q=0.8)
പ്രതീകാത്മകചിത്രം| Photo: Mathrubhumi
ആലത്തൂര്‍: ഭാഗ്യത്തിന് ഇനി തിളക്കവും. സമ്മാനത്തുക തട്ടിപ്പിനിരയാകുന്ന ഭാഗ്യക്കുറി കച്ചവടക്കാരുടെ നിര്‍ഭാഗ്യം മാറ്റാനാണ് ഈ തിളക്കം. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താന്‍ സംസ്ഥാനത്ത് തിളങ്ങുന്ന ഭാഗ്യക്കുറി വരും.
പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ തിളങ്ങുന്ന (ഫ്‌ളൂറസെന്റ്) അക്ഷരത്തിലായിരിക്കും. കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ ഫോട്ടോസ്റ്റാറ്റില്‍ തിളക്കമുണ്ടാകില്ല. കറന്‍സിനോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും.
കാഴ്ചക്കുറവുള്ളവരും പ്രായംചെന്നവരും ഭിന്നശേഷിക്കാരുമായ ഭാഗ്യക്കുറി കച്ചവടക്കാരാണ് തട്ടിപ്പിന് ഏറെയും ഇരയാകുന്നത്. അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഭാഗ്യക്കുറിവകുപ്പ് പുതിയവഴി തേടുന്നത്.
ഭാഗ്യക്കുറിത്തട്ടിപ്പിനെക്കുറിച്ച് വില്‍പനക്കാരെ ബോധവത്കരിക്കാന്‍ വകുപ്പുതല ശ്രമം ആരംഭിച്ചിട്ടുണ്ട്. പുതിയ ഭാഗ്യക്കുറിയുടെ പരീക്ഷണ അച്ചടി ആരംഭിച്ചു. ഇത് വിജയകരമാണെന്നുകണ്ടാല്‍ മൂന്നുമാസത്തിനകം പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികാരികള്‍ പറഞ്ഞു. തട്ടിപ്പുതടയാന്‍ സുരക്ഷാസംവിധാനമുള്ള ഭാഗ്യക്കുറി പുറത്തിറക്കുകയെന്നത് വില്‍പനക്കാരും ഏജന്റുമാരും കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
തട്ടിപ്പ് ഇങ്ങനെ
സമ്മാനാഹര്‍മായ ഭാഗ്യക്കുറിയുടെ ഒന്നിലധികം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് പല കച്ചവടക്കാരില്‍നിന്ന് ചെറിയ സമ്മാനത്തുക കൈക്കലാക്കും. 500 രൂപവരെയുള്ള സമ്മാനത്തുക വില്‍പനക്കാര്‍ തന്നെയാണ് നല്‍കുക. ഇത് മുതലെടുത്താണ് തട്ടിപ്പ്. ഭാഗ്യക്കുറി സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്ത് യഥാര്‍ഥനമ്പര്‍ മായ്ച്ചശേഷം സമ്മാനര്‍ഹമായ നമ്പര്‍ അച്ചടിച്ച് വീണ്ടും പ്രിന്റെടുത്ത് തട്ടിപ്പ് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമ്മാനാര്‍മായ നമ്പറിനോട് സാമ്യമുള്ള നമ്പര്‍ ചുരണ്ടിമാറ്റിയും വിദഗ്ധമായി എഴുതിച്ചേര്‍ത്തും തട്ടിപ്പുനടത്തുന്നുവരുമുണ്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..