തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ സംഭവത്തില്‍ ഭാഗ്യക്കുറി വകുപ്പിന്റെ നടപടി. കോട്ടയം ജില്ലയിലെ മീനാക്ഷി ലോട്ടറീസ് ഉള്‍പ്പെടെ പന്ത്രണ്ടോളം ഏജന്‍സികളാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് നടത്തിയ ഭാഗ്യക്കുറി ഏജന്‍സികളെ ലോട്ടറി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തു. 

ഭാഗ്യക്കുറികള്‍ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ ക്രമീകരിച്ച് വില്‍പ്പന നടത്തുന്ന രീതിയാണ് ഏജന്‍സികള്‍ സ്വീകരിച്ചിരുന്നത്. ഇതിനായി മറ്റ് ജില്ലകളിലേക്ക് അയച്ച ഭാഗ്യക്കുറികള്‍ ഇവിടെയെത്തിച്ച് സീല്‍ വെച്ച് നമ്പറുകള്‍ ഒരുമിച്ച് വരത്തക്ക വിധം ക്രമീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു. 

ഇത്തരത്തില്‍ ക്രമക്കേട് വരുത്തിയതിലൂടെ ഏജന്‍സികള്‍ സംസ്ഥാന പേപ്പര്‍ ലോട്ടറീസ് നിയമം (2011) ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. നേരത്തേ പാലക്കാട് ജില്ലയിലെ ഒരു ഏജന്‍സിക്കെതിരെയും സമാന പരാതി ലഭിച്ചിരുന്നു.