തിരുവനന്തപുരം: വ്യാജസമ്മതപത്രത്തിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജ നിയമന ഉത്തരവ് കൈപ്പറ്റി. ഇന്ന് 12 മണിക്ക് കോട്ടയം പിഎസ്‌സി ഓഫീസിലെത്തി നിയമന ശുപാര്‍ശ ശ്രീജ ​കൈപ്പറ്റിയത്‌.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം.

പിഎസ്‌സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ പി.എസ്.സി. തീരുമാനിച്ചത്.

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോള്‍ ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീജ പറഞ്ഞു.

ആ ശ്രീജ വേറെ

സമ്മതപത്രം നല്‍കിയത് താനാണെന്നറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സര്‍ക്കാര്‍ ജീവനക്കാരി പി.എസ്.സി.ക്ക് കത്തുനല്‍കിയിരുന്നു. കുന്നത്തൂരില്‍ റവന്യൂവകുപ്പില്‍ ക്ലാര്‍ക്കാണ് ഇവര്‍.

റാങ്ക്പട്ടികയിലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നല്‍കിയതെന്നും തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളത്.