കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറും തിരുവനന്തപുരം ഉദയന്‍കുളങ്ങര സ്വദേശിയുമായ തങ്കരാജ്(72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. 

ലോറിയില്‍നിന്ന് തങ്കരാജ് പുറത്തിറങ്ങവേ, ഏകദേശം നാലടിയോളം ഉയരത്തില്‍നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. എറെ പണിപ്പെട്ടാണ് തങ്കരാജിനെ മണ്ണിനു പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കളമശ്ശേരിയില്‍നിന്ന് കണ്ടെയ്‌നര്‍ റോഡിലേക്ക് തിരിയുന്നിടത്ത് ധാരാളം ലോറികള്‍ ഓട്ടം കാത്തും വിശ്രമത്തിനായും നിര്‍ത്തിയിടാറുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ളത് അടക്കം നിരവധി ലോറികളാണ് ഇവിടെ ഇത്തരത്തില്‍ കിടക്കാറുള്ളത്. ഇവിടെയാണ് അപകടം നടന്നത്.

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

content highlights: lorry driver dies in mudslide