ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറിയ അവസ്ഥയിൽ
കോട്ടയം: പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ഒന്നര മണിക്കൂറിലേറെ ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടിൽ മനോജ് മാത്യു (36) വിനെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം.
പെരിന്തൽമണ്ണയിൽ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പൊൻകുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. വശങ്ങളിലെ മൺതിട്ടയിലേയ്ക്ക് അടക്കം ഇടിച്ചു കയറിയ ലോറിയ്ക്കുള്ളിൽ ഡ്രൈവർ മനോജ് കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വാഹനത്തിൻ്റെ മുൻവശമുയർത്താതെ രക്ഷാപ്രവർത്തനം നടത്താനാകാത്ത സാഹചര്യമായിരുന്നു.
തുടര്‍ന്ന് പാലായില്‍ നിന്നും ഒരു സംഘം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് വടം കെട്ടി ലോറിയുടെ മുൻഭാഗമുയർത്തി നിർത്തിയ ശേഷം വശം മുറിച്ച് മാറ്റി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ മനോജിനെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വിശദമായ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
Content Highlights: lorry crashed into a waiting shed at kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..