വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കയറ്റം കയറുന്നതിനിടെ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു. പിന്നാലെ വന്ന രണ്ടു കാറുകളും ഓട്ടോറിക്ഷയും ലോറിയിലിടിച്ച് വശങ്ങളിലേക്ക് ചെരിഞ്ഞു. ശനിയാഴ്ച വൈകിട്ട് 6.50 ഓടെ വിഴിഞ്ഞം-മുക്കോല-കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം.

ഗുജറാത്തില്‍നിന്ന് നൂലും കയറ്റി കോട്ടയത്തേക്ക് പോകാനെത്തിയ ചരക്കുലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുക്കോലയില്‍നിന്ന് കല്ലുവെട്ടാന്‍ കുഴി സര്‍വ്വീസ് റോഡിലെ കുത്തനെയുള്ള കയറ്റം കയറവെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു.

ഒന്‍പതര ടണ്‍ ഭാരമുളള നൂലുകളുമായാണ് ലോറി കയറ്റം കയറിയത്. പെട്ടെന്ന് പിന്നോട്ട് ഉരുണ്ടതോടെ ഡ്രൈവര്‍ ബ്രേക്ക് ചെയ്തുവെങ്കിലും ലോറി നിന്നില്ല. ഈ സമയത്തായിരുന്നു പിന്നാലെ വന്ന കാര്‍ ലോറിയിലിടിച്ചത്.

ഈ കാര്‍ സമീപത്തെ ഓടയില്‍ കുടുങ്ങി. ഇതേ സമയത്ത് വരുകയായിരുന്ന മറ്റൊരു കാര്‍, ആദ്യം അപകത്തില്‍പ്പെട്ട കാറിന്റെ പിന്നിലിടിച്ചു. തൊട്ടുപിറകെ വരുകയായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചു. ഇതോടെ നാട്ടുകാരും പിറകെ വന്ന വാഹനങ്ങളിലെ ആള്‍ക്കാരും എത്തി ലോറിക്ക് തടസ്സംവെച്ചു. 

റോഡിന്റെ വശങ്ങളിലേക്ക് ചെരിഞ്ഞ് ഓടകളില്‍ കുടുങ്ങിയ കാറുകളിലും ഓട്ടോറിക്ഷയിലുമുണ്ടായിരുന്നവരെ പുറത്തേക്കിറക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.