തെന്മല: രാസവസ്തു കയറ്റിയെത്തിയ ലോറിക്ക് തീപ്പിടിച്ചു. ആര്യങ്കാവ് സംയുക്ത ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് നിര്‍ത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം നിര്‍ത്തിവച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.

ചേര്‍ത്തലയില്‍നിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്നു ലോറി. വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപം ലോറി നിര്‍ത്തിയശേഷം രേഖകള്‍ ഹാജരാക്കാന്‍ ഡ്രൈവര്‍ പോയസമയത്താണ് തീപ്പിടിച്ചത്. പുനലൂരില്‍നിന്ന് അഗ്നിശമനസേനയെത്തി രാവിലെ ആറുമണിയോടെ തീ പൂര്‍ണമായി കെടുത്തിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

രാസവസ്തുക്കള്‍ക്കുപുറമെ കയര്‍ ഉത്പന്നങ്ങളും ലോറിയില്‍ ഉണ്ടായിരുന്നു. ഏറ്റവും അടിയിലാണ് രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. അവിടെനിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമനസേന പുനലൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍.ബാബു പറഞ്ഞു. മിനറല്‍ പൗഡര്‍, സോഡിയം സിലിക്കേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ആസിഡ്, കയര്‍, റബര്‍ മാറ്റ്, കയര്‍ മാറ്റ് എന്നിവയാണ് ലോറിയിലുണ്ടായിരുന്നത്.
 
അപകടമുണ്ടായ ഉടന്‍ സമീപത്ത് പരിശോധനയ്ക്ക് നിര്‍ത്തിയ ലോറികള്‍ നീക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ലോറി ഡ്രൈവര്‍ ലക്ഷ്മണനെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു. രാസവസ്തുക്കളുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്ക് ശേഖരിച്ചു. രാസവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് പോലീസ് സംശയിക്കുന്നു. ലോറി ഭാഗികമായി കത്തിനശിച്ചു.