തിരുവനന്തപുരം: ഹാഥ്‌റസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ലോക് താന്ത്രിക് ജനതാദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തും. ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയുടെ ചരമദിനമായ ഒക്ടോബര്‍ 12-ന് വൈകുന്നേരം നാലു മണി മുതല്‍ അഞ്ചു മണിവരെയാണ് 'അകലുന്ന നീതി, അണയാത്ത ഭീതി' എന്ന മുദ്രാവാക്യവുമായി ലോക് താന്ത്രിക് ജനതാദള്‍ പ്രവര്‍ത്തകര്‍ അവരവരുടെ വീട്ടുമുറ്റത്ത് കുടുംബ സമേതം പ്രതിഷേധ സമരം നടത്തുന്നത്. എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ്‌ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഒക്ടോബര്‍ 11-ന് ഇടതുപക്ഷ എം.പി.മാരോടൊപ്പം ഹാഥ്‌റസിലെ  പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നുമുണ്ട്. 

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സംഭവിച്ചതെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പ്രസ്താവനയില്‍ പറഞ്ഞു. ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും എല്ലാവിധ മനുഷ്യമര്യാദകളേയും ലംഘിച്ചുകൊണ്ട് ആ ശരീരം കത്തിച്ചുകളയുകയും ചെയ്യുക എന്നത് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണ്. 

സ്വന്തം മകളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുവാനും അന്ത്യകര്‍മങ്ങള്‍ ചെയ്യുവാനുമുള്ള അവകാശങ്ങള്‍ പോലും കുടുംബത്തിന് നിഷേധിക്കപ്പെട്ടു എന്നത് ഫാസിസം ബി.ജെ.പി. ഭരണത്തിന്‍കീഴില്‍ എത്രമാത്രം വേരുപിടിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ്. അതിനെതിരെ ശബ്ദിച്ചവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ജാതിധാര്‍ഷ്ട്യത്തിനൊപ്പം ഭരണകൂടവും ചേരുന്നു എന്നതാണ് ഇവിടെ ഏറ്റവും ഭീകരമായ യാഥാര്‍ത്ഥ്യം.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. ഭരണകൂടം സംഭവത്തെ നിസ്സാരവത്കരിക്കുകയും ബഹുജനനേതാക്കളെ സംഭവസ്ഥലത്തേക്ക് വരുന്നതില്‍നിന്ന് തടയുകയും ചെയ്തു. പോലീസ് രാജാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത് എന്നതിന് തെളിവാണ് ഇവയെല്ലാം. കണ്ണില്‍ച്ചോരയില്ലാത്ത ഈ ഭരണകൂട ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

Content Highlights: Loktantrik Janata Dal, Hathras Rape Case