കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍. മുസ്ലീം ലീഗ് കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികളാണ് കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുപാര്‍ട്ടികളും ഓരോ സീറ്റ് അധികമായി ആവശ്യപ്പെടുന്നുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയും, കെ.എം മാണിയും കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് സീറ്റിന്റെ കാര്യം ധരിപ്പിച്ചിട്ടുണ്ട്.

സീറ്റ് സംബന്ധിച്ച അവകാശവാദങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെച്ചെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും സീറ്റുസംബന്ധിച്ച അന്തിമ തീരുമാനം കേരളത്തിലെ യുഡിഎഫ് യോഗത്തില്‍ ഉണ്ടാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയതായി കെ.എം.മാണിയും മാധ്യമങ്ങളോട് പറഞ്ഞു. ഏതൊക്കെ സീറ്റുകളെന്നതില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും മാണി വ്യക്തമാക്കി. സീറ്റിന്റെ കാര്യം ശക്തമായി ഉന്നയിച്ചുവെന്ന് പാര്‍ട്ടി നേതാവായ പി.ജെ. ജോസഫും വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തില്‍ സീറ്റിന്റെ കാര്യം ഉന്നയിച്ചത് പി.ജെ. ജോസഫാണ്. 

യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ ആദ്യം സീറ്റിന്റെ കാര്യം പറഞ്ഞതും പി.ജെ ജോസഫാണ്. യോഗത്തില്‍ മാണി ഉണ്ടായിരുന്നുവെങ്കിലും സീറ്റാവശ്യം ഉന്നയിച്ചത് ജോസഫാണെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസിന് മുമ്പ് രണ്ട് സീറ്റുണ്ടായിരുന്നുവെന്നും രണ്ടിലും പാര്‍ട്ടി വിജയിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റിന്റെ കാര്യത്തില്‍ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.  

അധിക സീറ്റ് ഘടകക്ഷികള്‍ ആവശ്യപ്പെട്ട കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സീറ്റ് ആവശ്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതായും ബെന്നി ബെഹനാന്‍ പറഞ്ഞു. അതേസമയം സീറ്റ് സംബന്ധിച്ച് ഒരുറപ്പും ആര്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ContentnHighlights: Loksabha Election UDF alliance demanad more seats, no assurance from Rahul Gandhi