കെ. സുധാകരൻ| Photo: Mathrubhumi
'ദുഷ്ചിന്ത നിന്റെ കുറ്റമല്ല, കടന്നുവന്ന മണ്ണിന്റേതാണ്'. രാമായണത്തെ വ്യാഖ്യാനിച്ച് തെക്കന്‍ കേരളത്തിലെ നേതാക്കളെ ഇടിച്ചുതാഴ്ത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞ വാക്കുകളാണിത്. ശേഷം മാപ്പ് പറച്ചില്. സംഘടനാ കോണ്‍ഗ്രസിന്റെ കാലത്ത് ആര്.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്നായിരുന്നു മറ്റൊരു തുറന്നുപറച്ചില്‍. വര്‍ഗീയ ഫാസിസസത്തോട് പോലും സന്ധിചെയ്യാന്‍ തയ്യാറായ വലിയ മനസ്സായിരുന്നു നെഹ്റുവിന്റേതെന്നും പറഞ്ഞു. വിവാദമായതോടെ എല്ലാ കുറ്റവും നാക്കില്‍ കെട്ടിവെച്ചു. അതങ്ങനെ നാക്കുപിഴയായി. ഏഴുപത്തിയഞ്ചാം വയസിലേക്ക് കാലെടുത്തുവയ്ക്കുകയാണ് കുമ്പക്കുടി സുധാകരന് എന്ന കെ. സുധാകരന്. രാഷ്ട്രീയത്തില്‍ പ്രായത്തിന് വലിയ പ്രസക്തി ഒന്നുമില്ല. പക്ഷെ, വാക്കുകളും നിലപാടുകളും അങ്ങനെയല്ല. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ? പറയാനുളളത് തുറന്നുപറഞ്ഞിട്ട് ഖേദം പ്രകടിപ്പിക്കുന്നത് ഒരിക്കല്‍ ക്ഷമിക്കാന്‍ ആര്‍ക്കും കഴിഞ്ഞേക്കും. എന്നാല്‍ വാവിട്ട വാക്ക് സ്ഥിരമാക്കിയാലോ? ഖേദപ്രകടനങ്ങളില്‍ കാര്യങ്ങള്‍ തീരില്ലെന്ന് വ്യക്തം.
സുധാകരന്റെ തുടര്‍ച്ചയായുളള ആര്.എസ്.എസ് സ്തുതി കോണ്‍ഗ്രസില്‍ മാത്രമല്ല യുഡിഎഫിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലിം ലീഗില്‍. അവര്‍ കടുത്ത അതൃപ്തിയിലാണ്. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ പ്രധാന നേതാവ് വീണ്ടുവിചാരമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നതിനൊപ്പം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നുമാണ് ലീഗിന്റെ നിലപാട്. ഒരു വര്‍ഷത്തിനപ്പുറം നടക്കാന്‍പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ലീഗിനും ജീവന്മരണ പോരാട്ടമാണ്. ആര്‍എസ്എസ് പ്രകീര്‍ത്തനത്തിലൂടെ സുധാകരന് തത്വത്തില്‍ സഹായിക്കുന്നത് ബിജെപിയെ ആണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ചെറു ഘടകകക്ഷികളും സുധാകരന്റെ പോക്കില്‍ അത്ര തൃപ്തരല്ല. യുഡിഎഫില്‍ നിന്നും ചോര്‍ന്നുപോയ ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുളള നീക്കങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് തുടര്‍ച്ചയായുളള സുധാകര ജല്പനങ്ങള്.
കണ്ണൂര്‍ കമ്മിറ്റിയല്ല കെപിസിസി
ഒക്റ്റോബറിലാണ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യാന്‍ ഒറ്റവരി പ്രമേയം പാസാക്കി ഹൈക്കമാന്‍ഡിന് കെപിസിസി അയച്ചത്. ഇതിലിപ്പോഴും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഒപ്പുവെച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പൂര്‍ത്തിയായി ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിട്ടുളളത്. സുധാകരന്റെ ആര്‍എസ്എസ് അനുകൂല, നെഹ്റു വിരുദ്ധ പരാമര്‍ശങ്ങളില്‍ എഐസിസി നേതൃത്വവും അസംതൃപ്തരാണ്. അധ്യക്ഷനായി സുധാകരന് തുടരുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണിക്ക് ഗുണംചെയ്യില്ലെന്ന തരത്തില്‍ നിരവധി പരാതികള്‍ എഐസിസിക്ക് ലഭിച്ചു. ചിലതില്‍ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. സുധാകരന് വെറും കണ്ണൂര്‍ നേതാവായി മാറി എന്നാണ് പ്രധാന ആക്ഷേപം. തിരുവനന്തപുരത്തെ ഇന്ദിരാ ഭവനേക്കാള്‍ അധ്യക്ഷന്‍ സ്വന്തം തട്ടകമായ കണ്ണൂരിലാണ് ഏറിയ സമയവുമെന്നും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ തിരുവനന്തപുരത്ത് വന്നാലായി എന്നതാണ് അവസ്ഥ. സര്‍ക്കാരിനെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ നേതൃത്വത്തിനായില്ലെന്ന വിമര്‍ശനവുമുണ്ട്. സെമി കേഡര്‍ പ്രഖ്യാപനവും നിലച്ച മട്ടാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കാനുളള സാധ്യത കോണ്‍ഗ്രസ് ദേശീയ നേതൃത്വം തളളിക്കളയുന്നില്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സംസ്ഥാനമാണ് കേരളം. 15 സീറ്റ്. യുഡിഎഫിന് ആകെ 19. ഈ സീറ്റുകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടും. ലോക്സഭയില്‍ കേവലം ഒരു എംപി മാത്രമാണ് സിപിഎമ്മിനുളളത്. ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്ന് ഉറപ്പാണ്. ബിജെപി കൂടി ബലാബലത്തിനിറങ്ങുമ്പോള്‍ ആവനാഴിയിലെ ആയുധങ്ങള്‍ കോണ്‍ഗ്രസിന് പോരാതെവരും. പരമ്പരാഗത വോട്ട് ബാങ്കുകളെ ഒപ്പം നിര്‍ത്താനും നിഷ്പക്ഷരെ ആകര്‍ഷിക്കാനും കഴിയുന്ന നേതൃത്വം ഇല്ലെങ്കില്‍ വിജയിക്കുക അസാധ്യമാകും. ഇതാണ് ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്റെ പേരില്‍ പ്രതികൂട്ടിലായ സുധാകരന് വിനയാകുന്നത്.
സുധാകരന് പകരമാര്?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ മുറവിളിയിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശനും കെപിസിസി അധ്യക്ഷനായി കെ. സുധാകരനും എത്തിയത്. തുടക്കത്തില്‍ പാര്‍ട്ടിക്ക് ലഭിച്ച ഉണര്‍വ് ഇപ്പോഴുണ്ടോ എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും സംശയം പ്രകടിപ്പിക്കും. ശശി തരൂര്‍ അടക്കമുളള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുളള ആഭ്യന്തര കലഹങ്ങള്‍ മാത്രമാണ് നടക്കുന്നത്. പ്രതിപക്ഷം സര്‍ക്കാര്‍ വിരുദ്ധ സമരമുഖത്തില്ലെന്ന് ആക്ഷേപങ്ങള്‍ക്കിടെയാണ് സുധാകരനെ മാറ്റുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
ടി.എന്‍ പ്രതാപന്, ബെന്നി ബെഹനാന്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകള്‍ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങള്‍. ചെറുപ്പം, മികച്ച പ്രതിച്ഛായ, ന്യൂനപക്ഷ സ്വാധീനം- ടി.എന്‍ പ്രതാപന് അനുകൂലമാകുന്ന ഘടകങ്ങളാണിത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണപരിധിയിലുളള ധീവര വിഭാഗത്തില്‍ നിന്നുളളയാള്‍ അധ്യക്ഷനാകുന്നതിലൂടെ പട്ടിക വിഭാഗങ്ങളുടേയും വിശ്വാസം ആര്‍ജ്ജിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കും. തൃശൂരില്‍ നിന്നുളള നേതാവായതിനാല്‍ ക്രൈസ്തവ സഭയുമായും ടി. എന്‍ പ്രതാപന് മികച്ച ബന്ധമുണ്ട്. ഫിഷറീസ് കോണ്‍ഗ്രസ് ദേശീയ ചെയര്മാന് എന്ന നിലയില്‍ ഗാന്ധി കുടുംബവുമായും പ്രതാപന് അടുപ്പം പുലര്‍ത്തുന്നു. വിവാദരഹിതമായ രാഷ്ട്രീയ ജീവിതവും അദ്ദേഹത്തിന് മുതല്‍കൂട്ടാണ്. ദേശീയ നേതാവായ കെ.സി വേണുഗോപാലിന്റെ ആശീര്‍വാദവും പ്രതാപന് പ്ലസ് പോയിന്റാണ്. ഉപാധ്യക്ഷനായിരുന്ന പി.ടി തോമസിന്റെ വിയോഗത്തോടെ കെപിസിസി നേതൃത്വത്തില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ല. പരമ്പരാഗത വോട്ട് ബാങ്കിനെ പിണക്കാതിരിക്കാന്‍ നേതൃത്വം ശ്രമിച്ചാല്‍ ബെന്നി ബെഹനാന് നറുക്കുവീഴും. യാക്കോബായ സഭാംഗമാണെങ്കിലും ഓര്‍ത്തഡോക്സ് പക്ഷക്കാരനായ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി. നേരത്തെ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലുളള പ്രവര്‍ത്തനത്തിലൂടെ രമേശ് ചെന്നിത്തലയുമായും അദ്ദേഹത്തിന് മികച്ച ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എ ഗ്രൂപ്പിന്റെ എക്കാലത്തേയും ഫണ്ട് റേസര്‍ ആയ ബെന്നി ബെഹനാന് പാര്‍ട്ടിയിലെ യുവാ നേതാക്കളുമായും അടുപ്പമുണ്ട്.
കെ.സുധാകരന് പകരം ഈഴവ സമുദായത്തില്‍ നിന്നുളളയാള്‍ തന്നെ അധ്യക്ഷനാകട്ടെ എന്ന വാദത്തിന് ബലം ലഭിച്ചാല്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിനായിരിക്കും മേല്‍കൈ. എന്നാല്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന ആറ്റിങ്ങലില്‍ അട്ടിമറി ജയം നേടിയ അടൂര്‍ പ്രകാശിന് തെക്കന്‍ കേരളത്തില്‍ മാത്രമാണ് സ്വീകാര്യത. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ദീര്‍ഘകാലം പാര്ലമെന്റേറിയന്, എഐസിസി നേതൃ പദവികള്‍ വഹിച്ച കൊടിക്കുന്നില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന് കൂടിയാണ്. കെപിസിസി തലപ്പത്ത് ഇതുവരേയും ദളിത് വിഭാഗത്തില്‍ നിന്നുളളയാള്‍ അധ്യക്ഷനായിട്ടില്ലെന്നതും കൊടിക്കുന്നിലിന് അനുകൂല ഘടകമാണ്. ഇവര്‍ക്കു പുറമെ കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല മാറ്റാന്‍ ആഗ്രഹിക്കുന്ന കെ.സി വേണുഗോപാല്‍, കെ. മുരളീധരന്, ശശി തരൂര്‍ എന്നിവരും പിസിസി പ്രസിഡന്റ് പദം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നായര്‍ സമുദായംഗമായത് ഇവരുടെ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
Content Highlights: Loksabha election congress KPCC president K Sudhakaran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..