തിരുവനന്തപുരം: കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്.

ലോകായുക്ത കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല.

മാത്രമല്ല കെ.ടി. ജലീലിന്റെ നിര്‍ദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തി തീരുമാനമെടുത്തത് സര്‍ക്കാരാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്ത പെട്ടെന്ന് വിധി പ്രസ്താവം നടത്തിയത്. പരാതിയില്‍ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോകായുക്ത വിധിക്കെതിരേ സര്‍ക്കാരിന് റിട്ട് ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. നിലവില്‍ കെ.ടി. ജലീല്‍ വ്യക്തിപരമായാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ലോകായുക്ത വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും അടുത്തദിവസം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ച നടപടിയിലാണ് കെ.ടി. ജലീലിനെതിരേ ലോകായുക്ത വിധി പ്രസ്താവിച്ചത്. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇതിനുപിന്നാലെ കെ.ടി. ജലീല്‍ കഴിഞ്ഞദിവസം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Content Highlights:lokayuktha order against kt jaleel advocate general given legal advice to government