ജസ്റ്റിസ് സിറിയക് ജോസഫ്, വി.ഡി. സതീശൻ | Photo: Mathrubhumi
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ ഹര്‍ജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹര്‍ജിക്കാരനെക്കുറിച്ചുള്ള ലോകായുക്തയുടെ പരാമര്‍ശം തികഞ്ഞ അനൗചിത്യവും സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ പരാതിക്കാരെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് ഒരുകാരണവശാലും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ആര്‍.എസ്. ശശികുമാര്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പേപ്പട്ടിയല്ല. സാമൂഹിക പ്രതിബദ്ധതയുള്ള, ശക്തമായ ഇടപെടല്‍ നടത്തുന്ന, അര്‍പ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയും നിരന്തരം ഗുരുതരമായ ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു അക്ഷരംപോലും മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലോകായുക്ത വിധിന്യായത്തിലെ യുക്തിയില്ലായ്മയും നിയമപരമായ അടിത്തറയില്ലായ്മയുമാണ് ചോദ്യംചെയ്യപ്പെട്ടത്. ഇന്ത്യയില്‍ സുപ്രീംകോടതി വിധിപോലും ചോദ്യംചെയ്യപ്പെടും. നീതിന്യായ സംവിധാനങ്ങളെക്കുറിച്ച് ആളുകളില്‍ അവമതിപ്പുണ്ടാക്കുന്നതും വിശ്വാസ്യത തകര്‍ത്തുകളയുന്നതുമായ പ്രയോഗമാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഹര്‍ജിയുമായി ലോകായുക്തയില്‍ പോകുന്നവരെ പേപ്പട്ടിയെന്ന് വിളിക്കാനുള്ള അവകാശം ഒരു ലോകായുക്തയ്ക്കുമില്ല, സുപ്രീംകോടതി ജഡ്ജിക്കുപോലുമില്ല. ഒരാളും അങ്ങനെ പറയില്ല, ആദ്യമായിട്ടാണിത്. ഇത്തരം പരാമര്‍ശം നടത്തിയപ്പോള്‍ വിശ്വാസ്യത കുറഞ്ഞത് ഹര്‍ജിക്കാരന്റേതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലോകായുക്തയില്‍ കേസ് കുറഞ്ഞത് കേരളത്തില്‍ അഴിമതി നടക്കാത്തതുകൊണ്ടല്ല. വിശ്വാസം കുറഞ്ഞതുകൊണ്ടാണ്. ഒരുകാരണവശാലും ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.', വി.ഡി. സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം നടത്തിയെന്ന കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് പുനഃപരിശോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ ഉല്‍ റഷീദും ശശികുമാറിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നതുകണ്ടാല്‍ വഴിമാറിപ്പോകുകയാണ് നല്ലതെന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമര്‍ശം.
Content Highlights: lokayukta kerala cyriac joseph against rs sasikumar should apologize vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..