മുഖ്യമന്ത്രി പിണറായി വിജയൻ (ഫോട്ടോ: മാതൃഭൂമി), മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (ഫോട്ടോ: https://www.facebook.com/rahulbrmamkootathil/)
തിരുവനന്തപുരം: അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ആരോപണത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ രംഗത്തെത്തിയത്.
ഉമ്മൻചാണ്ടിയുടെ കൂടെ ഇരിക്കാനും സംസാരിക്കാനും 82 ലക്ഷത്തിന്റെ പാസ് ഒന്നും ആവശ്യമില്ലെന്നായിരുന്നു ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ, ഒന്ന് സംസാരിക്കാൻ, ഒന്ന് വിഷമം പറയാൻ 82 ലക്ഷവും ഗോൾഡ്, സിൽവർ, ബ്രോൻസ് പാസ് ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങൾ കാണുമ്പോൾ ഓർമ്മവരുന്നത് 'Megalomania' എന്ന ഇംഗ്ലീഷ് വാക്കാണ്. “Obsession with the exercise of power” എന്നാണ് അർഥം. “മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തി” എന്ന് മൊഴിമാറ്റാം. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്' -ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
'ചെയറിനനുസരിച്ച് റേറ്റ് വെക്കാൻ ജെയിംസ് കാമറൂണിന്റെ അവതാർ വല്ലതുമാണോ' എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. 'ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട്, ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും. ആ മനുഷ്യൻ അങ്ങനെയാണ്. ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്. ഇതെന്താ ജെയിംസ് കാമറുണിന്റെ 'അവതാർ' വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ' -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നുവെന്നാണ് ആരോപണം ഉയർന്നത്. വിവിധ പാക്കേജുകളായാണ് പണപ്പിരിവെന്നും ആരോപണം ഉയർന്നിരുന്നു. ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു പേജ് പരസ്യവും ലഭിക്കും. അന്‍പതിനായിരം ഡോളറിന്റെ സില്‍വര്‍ പാക്കേജും ഇരുപത്തയ്യായിരം ഡോളറിന്റെ ബ്രോണ്‍സ് പാക്കേജുമുണ്ട്. എന്നാല്‍ കിട്ടുന്ന സൗകര്യങ്ങള്‍ കുറയും. പണപ്പിരിവിന്റെ കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
Content Highlights: loka kerala sabha sponsorship controversy youth congress leader comment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..