എലിസബതിനെ ചേർത്തു പിടിച്ച് മന്ത്രി വീണാ ജോർജ് | ഫോട്ടോ: https://www.facebook.com/veenageorgeofficial
തിരുവനന്തപുരം: ലോക കേരള സഭയില്‍ പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് എലിസബത്ത്. കഴിഞ്ഞ 31 വര്‍ഷമായി പ്രവാസി ജീവിതം നയിക്കുന്ന അവര്‍ ലോക കേരള സഭയില്‍ പ്രതിനിധിയായാണ് എത്തിയത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങള്‍ എലിസബത്ത് വിവരിച്ചത്. 31 വര്‍ഷമായി വീട്ടു ജോലി ചെയ്യുകയായിരുന്നു. എട്ട് വയസുമുതല്‍ വീട്ടു ജോലി ചെയ്യുന്നു. പതിനെട്ടാം വയസിലായിരുന്നു വിവാഹം. മാനസിക വൈകല്യമുള്ള ആള്‍ക്കായിരുന്നു എലിസബത്തിനെ വിവാഹം കഴിച്ചു കൊടുത്തത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും മാനസിക വൈകല്യം അനുഭവിക്കുന്നുണ്ടായിരുന്നു. രണ്ടു കുട്ടികളുണ്ടായതിന് ശേഷം കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി പ്രവാസ ലോകത്തേക്ക് തിരിച്ചു. ആദ്യം ഖത്തറിലേക്കായിരുന്നു പോയത്. 30-ാം വയസിലാണ് ഖത്തറിലെത്തുന്നത്.
'എല്ലാവരും ചോദിക്കും എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളത് എന്ന്. ഞാൻ പറയും അക്കൗണ്ടും ഉണ്ട് ഇത്രയും വർഷമായിട്ട് ഒരു കിടപ്പാടവും ഇല്ല എന്ന്. ഒരുവിധം നിരങ്ങി നീങ്ങുകയാണ് ജീവിതം. അതാണ് കഴിഞ്ഞ 31 വർഷത്തെ ജീവിതത്തിൽ നിന്ന് എനിക്കാകെയുള്ള സമ്പാദ്യം. പെൺകുട്ടികളെ രണ്ടു പേരേയും കല്യാണം കഴിച്ചു കൊടുത്തു'. ഭർത്താവ് മരിച്ചിട്ട് ആറുമാസമായെന്നും ലോക കേരള സഭയില്‍ എലിസബത്ത് വിങ്ങിപ്പൊട്ടി പറഞ്ഞു.
വീട്ടുജോലി എന്നത് വളരെ കഷ്ടപ്പെട്ട ഒന്നാണ്. 24 മണിക്കൂറും ജോലിയാണ്. ജോലി ചെയ്തിട്ട് ശമ്പളം തരാതിരുന്നിട്ടുണ്ട്. ശരീരം മാന്തിക്കീറി ഓടിയിട്ടുണ്ട്, ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി എംബസിയിൽ അഭയം പ്രാപിക്കേണ്ടി വന്നിട്ടുണ്ട്. ചിക്കൻപോക്സ് വന്നപ്പോൾ പോലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വിശന്നിട്ട് കച്ചറയിൽ നിന്ന് (എച്ചില്‍) ഭക്ഷണം പോലും എടുത്തിട്ടുണ്ടെന്ന് എലിസബത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് വിവരിച്ചു. കേട്ടു നിന്നവരും ഒരു നിമിഷം സ്തംബ്ദരായി.

ഫോട്ടോ: https://www.facebook.com/prajeevofficial
മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ് അടക്കമുള്ളവർ എലിസബത്തിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതി.
"ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം" വീണാ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
"ലോക കേരള സഭയിലൂടെ എലിസബത്ത് ഉയർത്തിയത് സാധാരണക്കാരായ പ്രവാസികളുടെ ശബ്ദമാണ്. ഇത്തരത്തിൽ വീട്ടുജോലിക്കാരും കരാർ തൊഴിലാളികളും വിദ്യാർത്ഥികളും നിക്ഷേപകരുമടക്കം നിരവധി മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ ഒന്നിച്ചുള്ള ശബ്ദമാണ് ലോക കേരള സഭ" മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..