തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സഖ്യങ്ങള്‍ ഇല്ലാതാക്കിയത് എ.കെ.ആന്റണിയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ അജിത് പോള്‍ ആന്റണി. ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നത്. ആക്ഷേപിക്കുക മാത്രമാണ് ലക്ഷ്യം. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും അജിത് പോള്‍ ആന്റണി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അജിത് ആന്റണിയുടെ മറുപടി.

അജിത് പോള്‍ ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമസ്‌കാരം സുഹൃത്തുക്കളേ, അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം - യുപിയിലെ സഖ്യം യാഥാര്‍ഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛന്‍ ആണെന്ന്. സത്യത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു പക്ഷെ മായാവതി രണ്ടു സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്.

ഡല്‍ഹിയില്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായിരുന്നു.പക്ഷെ ഒരു സീറ്റ് അല്ലെങ്കില്‍ രണ്ടെണ്ണം മാത്രം കോണ്‍ഗ്രസിന്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അത് സമ്മതിച്ചുമാണ്. അപ്പോഴാണ് ആപ് ഡിമാന്‍ഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്.പിന്നൊന്ന് ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിന് 10 സീറ്റ് കൊടുക്കാന്‍ തയ്യാറായി എന്ന്.

ജഗന്‍മോഹന്‍ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോള്‍ പിന്നെ ഈ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്തിന്? വെറുതെ ആക്ഷേപിക്കുക. അത്രതന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ... തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ ഒരുകാര്യം മനസിലാക്കിക്കോളൂ.... അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും.

Content Highlights: lok sabha election congress alliance-ak antony-Ajith Paul Antony facebook post