
കൊച്ചി: പരിശോധനകൾ കർശനമാക്കുകയും രാജ്യത്താകമാനം പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായി ജനങ്ങൾ. കൊച്ചിയിൽ ഇന്നലെ ദേശീയപാതയിൽ ഉൾപ്പെടെ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇന്നത് ഗണ്യമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ പോലും നിയന്ത്രങ്ങൾ പാലിക്കപ്പെടുന്നുണ്ട്. എന്നാൽ, അവശ്യ സേവനങ്ങളൊന്നും തടസപ്പെട്ടിട്ടില്ല.

സംസ്ഥാനത്ത് മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും ചൊവ്വാഴ്ച എറണാകുളം നഗരത്തിലേക്ക് അനാവശ്യമായി ആളുകൾ എത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് ദേശീയപാത തടഞ്ഞ് വരെ പരിശോധന നടത്തുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്തിരുന്നു.

ജില്ലിയിൽ ഇന്ന് പുലർച്ചെ വരെ 150ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അമ്പതിലേറെ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലും നഗരത്തിനകത്തും പോലീസ് ഇന്നും പരിശോധന നടത്തുന്നുണ്ട്. അത്യാവശ്യക്കാരെ മാത്രമേ അകത്തേക്കും പുറത്തേക്കും കടത്തിവിടുന്നുള്ളൂ.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ഡിഐജി മഹേഷ് കുമാർ പറഞ്ഞു. ഭക്ഷണത്തിനോ മറ്റ് അവശ്യ സേവനത്തിനോ തടസം നേരിട്ടാൽ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അവശ്യ സർവീസുകളെല്ലാം ജില്ലയിൽ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ, കുടിവെള്ളം ഉൾപ്പെടെയുടെ സേവനങ്ങളെയൊന്നും ലോക്ക്ഡൗൺ ബാധിച്ചിട്ടില്ല. ചരക്കുനീക്കവും സുഗമമാണ്. എറണാകുളം മാർക്കറ്റിൽ ഇന്നും അവശ്യസാധനങ്ങൾ എത്തി. എങ്കിലും പച്ചക്കറികൾക്കും മറ്റും നേരിയ വിലവർധന ഉണ്ടായിട്ടുണ്ട്.

ബാങ്കുകളും എടിഎമ്മുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. മിനിമം സ്റ്റാഫുമായാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഇടപാടുകാരുടെ എണ്ണം വളരെ കുറവാണ്. എംജി റോഡിലെ എസ്ബിഐ ശാഖയിൽ ഉച്ചവരെ അഞ്ച് ഇടപാടുകാർ മാത്രമാണ് എത്തിയതെന്ന് മാനേജർ ഷാജിമോൻ ജോസഫ് പറഞ്ഞു.

ക്യാഷ് ഡെപ്പോസിറ്റിനുള്ളവരെ മാത്രമേ ബാങ്കിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. മറ്റ് ഇടപാടുകൾക്കുള്ള ഫോമുകളും ഡെപ്പോസിറ്റിനുള്ള സംവിധാനങ്ങളും ബാങ്കിന് പുറത്ത് ഒരുക്കിയിട്ടുണ്ട്.

സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും റേഷൻ കടകളും സപ്ലൈകോയും നീതി സ്റ്റോറുകളും ഉൾപ്പെടെയുള്ള പൊതുവിതര സംവിധാനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഒരു സമയത്ത് ഏതാനും പേരെ മാത്രമേ കടകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളവർ കൃത്യമായ അകലം പാലിച്ച് പുറത്ത് ക്യൂ നിൽക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ പലചരക്ക് കടകളിലും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിക്കാൻ ചെറുകടകളിൽ പോലും അനുവദിക്കുന്നില്ല. ഫോണിൽ വിളിച്ചു പറഞ്ഞാൽ സാധനങ്ങൾ പാക്ക് ചെയ്ത് വെച്ച് അൽപസമയത്തിനു ശേഷം വന്ന് വാങ്ങാവുന്ന രീതി ഉൾപ്പെടെ പലയിടങ്ങളിലും നടപ്പിലാക്കുന്നുണ്ട്.

മിൽമയുടെ ഔട്ട്ലെറ്റുകളും അത്യാവശ്യം ഹോട്ടലുകളും നഗരത്തിലും പരിസരപ്രദേശങ്ങളിലും തുറന്നിട്ടുണ്ട്. എന്നാൽ, ഭക്ഷണം പാഴ്സലായി വാങ്ങാനോ ഹോം ഡെലിവറി വഴി സ്വീകരിക്കാനോ മാത്രമേ അനുമതിയുള്ളൂ. ഡെലിവറി ബോയ്സ് നഗരത്തിൽ സേവനം നടത്തുന്നുണ്ടെങ്കിലും ഓർഡറുകൾ കുറവാണെന്നാണ് ഇവർ പറയുന്നത്.
