തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുനഃരാരംഭിക്കും. കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം. 

എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറക്കുക. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല. വലിയ തിരക്കിലേക്ക് പോകാതെ കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. പോലീസിന്റെ ഇടപെടലോടെ സാമൂഹിക അകലം പാലിച്ചായിരിക്കും വില്‍പ്പന.

നേരത്തെ, ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പന എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. ആപ്പ് ഉടന്‍ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആപ്പുമായി മുന്നോട്ട് പോയാല്‍ മദ്യശാലകള്‍ നാളെ തുറക്കാന്‍ സാധിക്കില്ല എന്ന ബോധ്യത്തിലേക്ക് എത്തിയതിനേ തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കിയത്.

Content Highlights: lockdown relaxation in kerala, liquor sales in lockdown